മര്‍ദനം: എസ്ഐക്കും വനിത ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ക്കും സസ്പെന്‍ഷന്‍
Friday, September 19, 2014 12:41 AM IST
കൊച്ചി: മോഷണക്കുറ്റം ആരോപിച്ചു വീട്ടുജോലിക്കാരിയായ യുവതിയെ രണ്ടു ദിവസം ചേരാനല്ലൂര്‍ പോലീസ് സ്റേഷന്‍ ലോക്കപ്പിലിട്ടു മര്‍ദിച്ചു നട്ടെല്ലിനു ക്ഷതമേല്‍പ്പിച്ച സംഭവത്തില്‍ എസ്ഐയെയും ഒരു വനിത ഉള്‍പ്പെടെ രണ്ടു കോണ്‍സ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബ രതീഷിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് ഐജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സംഭവം നടക്കുന്ന സമയത്തു ചേരാനല്ലൂര്‍ എസ്ഐ ആയിരുന്ന ഇ.എസ്. സാംസണ്‍, വനിതാ പോലീസ് കോണ്‍സ്റബിള്‍ സുനിത, സിപിഒ ശ്രീജി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം നിര്‍ഭാഗ്യകരമായി പോയെന്നും സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ ഈ സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.


മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയും ലീബയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ലീബയെ 14 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ 23ന് ചേരാനല്ലൂര്‍ പോലീസ് കസ്റഡിയിലെടുത്തത്. പോലീസ് സ്റേഷനിലെ മര്‍ദനത്തില്‍ തീര്‍ത്തും അവശയായ യുവതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ലീബ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധനിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെ എസ്ഐയെ സ്ഥലം മാറ്റി. പോലീസ് കംപ്ളെയ്ന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റീസ് കെ. നാരായണക്കുറുപ്പ് നേരിട്ടെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.