ഇടുക്കി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തു
ഇടുക്കി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തു
Friday, September 19, 2014 12:22 AM IST
ചെറുതോണി: ലോകത്തെവിടെയും ലഭിക്കുന്ന ആധുനിക ചികിത്സാ സൌകര്യവും വിദ്യാഭ്യാസവും കേരളത്തിലെല്ലായിടത്തും എല്ലാ വീടുകളിലും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അഞ്ചു മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 16 മെഡിക്കല്‍ കോളജുകളായി. എല്ലാ ജില്ലയിലും ആധുനിക വൈദ്യസഹായം ലഭ്യമാക്കാനുദ്ദേശിച്ചാണ് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നത്. ഹരിപ്പാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍കൂടി മെഡിക്കല്‍ കോളജ് അനുവദിക്കും. ഇവിടെ ആവശ്യമായ സ്ഥലസൌകര്യം ലഭ്യമല്ലാതെ വന്നതിനാലാണ് ഇക്കുറി മെഡിക്കല്‍ കോളജ് അനുവദിക്കാതെപോയത്. 23 കോളജുകളും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാരിന്റെ നയം. അതിന്റെപേരില്‍ സാമ്പത്തിക ഞെരുക്കമുണ്ടാകും. അല്ലാതെ ധൂര്‍ത്തടിച്ചതിന്റെ പേരില്‍ സാമ്പത്തിക പരാധീനത ഉണ്ടായിട്ടില്ല. ഇടുക്കി മെഡിക്കല്‍ കോളജ് ജില്ലയുടെ ഏറ്റവും വലിയ മുതല്‍കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവാരമുള്ള ആരോഗ്യ പരിപാലനം സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയാണെന്നു ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തിയ ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. വികസന സൌഹൃദ നയമാണു സര്‍ക്കാരിന്റേത്. വികസനത്തിന് സാമ്പത്തികം തടസമാകില്ല. സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെയേ പുതിയ തസ്തികകള്‍ അനുവദിക്കൂ. 28500 തസ്തികകള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. 106000 നിയമനങ്ങളും നടത്തിയിട്ടുണ്ട്.


സംസ്ഥാനത്ത്് സാമ്പത്തിക പ്രതിസന്ധിയില്ല. സാമ്പത്തിക ഞെരുക്കം മാത്രമേയുള്ളൂ. നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കില്ല. മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമല്ല. വസ്തു നികുതി വര്‍ധിപ്പിച്ചതും നാമമാത്രമാണ്. ടൌണില്‍ നാലുസെന്റുവരെയും ഗ്രാമങ്ങളില്‍ 20 സെന്റുവരെയും നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരുലിറ്റര്‍ വെള്ളത്തിന് 12 രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നുണ്ട്. അത് പരിഹരിക്കാനാണ് വെള്ളത്തിന് നികുതി വര്‍ധിപ്പിച്ചത് - മാണി പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്കുള്ള സൌജന്യ ചികിത്സാപദ്ധതി സുഹൃതം പദ്ധതി ഒക്ടോബര്‍ പത്തിന് ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. 286 കോടി രൂപയുടെ പദ്ധതിയാണ് ഇടുക്കി മെഡിക്കല്‍ കോളജിനായി ആദ്യഘട്ടമായി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളജ് കുട്ടികളെ പഠിപ്പിക്കുന്നതിനായുള്ള സ്ഥാപനം മാത്രമല്ലെന്നും എല്ലാ സ്പെഷ്യലൈസേഷനോടുംകൂടിയ ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ജലസേചനമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍. പിള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയ്സ് ജോര്‍ജ് എംപി, ഇ.എസ്. ബിജിമോള്‍ എംഎല്‍എ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.