വൈദികനെ ആക്രമിച്ച സംഭവം: മൂന്നാം പ്രതിയും അറസ്റില്‍
Friday, September 19, 2014 12:17 AM IST
ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളി സഹവികാരി ഫാ. ടോം കൊറ്റത്തിലിനെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതികൂടി അറസ്റിലായി. തൃക്കൊടിത്താനം കടമാഞ്ചിറ ഐക്കര അനീഷ്കുമാര്‍(പൈലി അനീഷ്-30) ആണ് അറസ്റിലായത്. ചങ്ങനാശേരി ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.സജീവ്, എസ്ഐ ജെര്‍ലിന്‍ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ ഇന്നലെ രാവിലെ അറസ്റു ചെയ്തത്. ഇയാളെ ചങ്ങനാശേരി ഫസ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

കോട്ടയം എസ്പി എം.പി.ദിനേശ് കഴിഞ്ഞദിവസം ആശുപത്രിയില്‍ കഴിയുന്ന വൈദികനെ സന്ദര്‍ശിച്ചു. കേസിലെ പ്രതികളെ പിടികൂടുന്നതിനു കര്‍ശന നടപടി സ്വീകരിക്കാന്‍ എസ്പി ചങ്ങനാശേരി ഡിവൈഎസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു.

വൈദികനു നേരേ ആക്രമണം നടന്ന തിങ്കളാഴ്ച രാത്രിതന്നെ പോലീസ് രണ്ടു പേരെ അറസ്റുചെയ്തിരുന്നു. മാമ്മൂട് മാടപ്പറമ്പില്‍ രതീഷ് (27), മാടപ്പള്ളി പങ്കിപ്പുറം പുതുപറമ്പില്‍ അഫ്സല്‍ (26) എന്നിവരെയാണ് അറസ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണ്.


ഇന്നലെ അറസ്റു ചെയ്ത അനീഷ്കുമാറിനെ വൈദികനെ അക്രമിച്ച രാത്രിയില്‍തന്നെ പോലീസ് കസ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ് കാര്യക്ഷമത കാട്ടുന്നില്ലെന്ന ആക്ഷേപം ഉയര്‍ത്തി വെരൂര്‍ സെന്റ് ജോസഫ് ഇടവകയുടെയും പൌരാവലിയുടെയും നേതൃത്വത്തില്‍ നഗരത്തില്‍ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. കേസിലെ പ്രതികളടക്കം ഗുണ്ടകളെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കുണ്െടന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. കേസിലെ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി താലൂക്കില്‍ ബുധനാഴ്ച കടകളടച്ച് പ്രതിഷേധവും പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.