ചൊവ്വാമനുഷ്യരെ കാത്തും പേടിച്ചും
ചൊവ്വാമനുഷ്യരെ കാത്തും പേടിച്ചും
Friday, September 19, 2014 11:33 PM IST
ചൊവ്വാമനുഷ്യര്‍ ഉണ്െടന്നു വിശ്വസിക്കുന്നവര്‍ കുറച്ചൊന്നുമല്ല. നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങിയതാണ് ചൊവ്വായില്‍ ജീവനും മനുഷ്യസദൃശജീവികളും വലിയ കനാലുകളും ഒക്കെ ഉണ്െടന്ന ധാരണ. 1897-98 കാലത്ത് എച്ച്.ജി. വെല്‍സ് എഴുതിയ ശാസ്ത്രകഥ (ദ വാര്‍ ഓഫ് ദ വേള്‍ഡ്സ്) ചൊവ്വാമനുഷ്യര്‍ ഭൂമിയെ കീഴടക്കാന്‍ എത്തുന്നതായ കഥയാണ്. 1938 ഒക്ടോബര്‍ 30-ന് അമേരിക്കയിലെ സിബിഎസ് റേഡിയോയില്‍ ഇതു റേഡിയോ നാടകമായി ഓര്‍സണ്‍ വെല്‍സ് അവതരിപ്പിച്ചു. റേഡിയോ വാര്‍ത്തപോലെ ചൊവ്വാമനുഷ്യരുടെ അധിനിവേശം അവതരിപ്പിച്ചത് അമേരിക്കയില്‍ ഉണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല.

ചൊവ്വായിലെ കനാലുകള്‍ മിഥ്യാദര്‍ശനമാണെന്നു തെളിഞ്ഞു, ചൊവ്വാമനുഷ്യന്‍ കഥയില്‍ മാത്രമുള്ളതും. എങ്കിലും ഇപ്പോഴും ചൊവ്വയില്‍ ജീവന്റെ തുടിപ്പ് തേടുന്നവര്‍ ഏറെ. നമ്മുടെ മംഗള്‍യാനും അതന്വേഷിക്കുന്നുണ്ട്. മംഗള്‍യാന്‍ കൊണ്ടുപോകുന്ന അഞ്ച് ഉപകരണങ്ങളില്‍ ഒന്ന് മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് (എംഎസ്എം) ആണ്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ (ഭൂമിക്കുള്ളതുപോലെ ചൊവ്വയ്ക്കുമുണ്ട് വാതകങ്ങള്‍ നിറഞ്ഞ ഒരു മണ്ഡലം) മീഥെയ്ന്‍ ഉണ്േടാ, ഉണ്െടങ്കില്‍ എത്ര എന്നു കണ്െടത്താനാണിത്. നൂറുകോടിയിലൊരംശം മീഥെയ്ന്‍ എങ്കിലും ഉണ്െടങ്കില്‍ ഈ യന്ത്രം കണ്െടത്തുമത്രേ. മീഥെയ്ന്‍ ഉണ്ടാകുന്ന ഒരുവഴി സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനമാണ്. അതായത് ജീവനും മീഥെയ്നുമായി അടുത്ത ബന്ധമുണ്ട്. ഇന്ത്യയുടെ ചാന്ദ്രയാന്‍ ചന്ദ്രനില്‍ ജലാംശം കണ്െടത്തിയതുപോലെ മംഗള്‍യാന്‍ മീഥെയ്ന്‍ കണ്െട ത്തുമോ എന്ന ആകാംക്ഷയിലാണ് ഇസ്രോ ശാസ്ത്രജ്ഞര്‍.


ജീവനു സാധ്യത കണ്ടാലും ഇല്ലെങ്കിലും ചൊവ്വായ്ക്കു ഭൂമിയുമായി കുറേ സാമ്യമുണ്ട്. ഭൂമിപോലെ ചൊവ്വായ്ക്കുമുണ്ട് ധ്രുവങ്ങള്‍. ശീതകാലത്ത് അവിടങ്ങളില്‍ ഓരോ വെള്ളത്തൊപ്പിപോലെ കാര്‍ബണ്‍ഡൈ ഓക്സൈഡ് അടിയുന്നു. വേനലില്‍ വാതകമായി മാറുന്നു. ഇതു ജലശേഖരമാണെന്നു പണ്ടു തെറ്റിദ്ധരിച്ചിരുന്നു.

ഭൂമിയിലെപ്പോലെ 24 മണിക്കൂറിനടുത്താണ് ഒരു ചൊവ്വാദിവസം. സൌരഭ്രമണപഥത്തില്‍ 25 ഡിഗ്രി ചെരിഞ്ഞാണ് ചൊവ്വ. ഭൂമിക്കും ഇതിനടുത്ത ചെരിവുണ്ട്. അതിനാല്‍ രണ്ടു ഗ്രഹങ്ങളിലും ഋതുക്കള്‍ മാറിമാറി വരും. ചൊവ്വ 687 ദിവസംകൊണ്ടാണ് സൂര്യനെ ഒരുവട്ടം പ്രദക്ഷിണംവയ്ക്കുന്നത്. ഭൂമിയുടെ പത്തിലൊന്നു പിണ്ഡം മാത്രമേ ചൊവ്വായ്ക്കുള്ളൂ. റോമന്‍ യുദ്ധദേവന്റെ പേരുള്ള ചുവന്ന ഗ്രഹത്തിനു രണ്ടു ചന്ദ്രന്മാരുണ്ട് - ഫോബോസും ഡൈമോസും. 1877-ല്‍ അസാഫ് ഹാളാണ് ഇവയെ കണ്െടത്തിയത്.

ചൊവ്വയുടെ അന്തരീക്ഷത്തി ല്‍ 93.52 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. 2.7 ശതമാനം നൈട്രജനും 0.13 ശതമാനം ഓക്സിജനും 0.08 ശതമാനം കാര്‍ബണ്‍ മോണോക്സൈഡും ഉണ്ട്. ഭൂമിയിലേതിന്റെ അമ്പതില്‍ ഒന്നു മാത്രമാണ് അന്തരീക്ഷമര്‍ദം. ഭൂമിയെ അപേക്ഷിച്ച് വളരെ ശക്തി കുറഞ്ഞതാണ് ചൊവ്വയുടെ കാന്തികമണ്ഡലം. ഇതെല്ലാം മനുഷ്യവാസം ദുഷ്കരമാക്കുന്ന ഘടകങ്ങളാണെങ്കിലും ചൊവ്വയിലേക്കു ടൂര്‍ പോകാന്‍ ഡെന്നിസ് ടിറ്റോ എന്ന കോടീശ്വരന്റെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യാന്‍ തയാറായത് ആയിരങ്ങളാണ്. അത്രയേറെയാണ് ചൊവ്വയോടുള്ള മനുഷ്യന്റെ അഭിനിവേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.