പോലീസിനുനേരേ മണല്‍കടത്തു സംഘത്തിന്റെ ആക്രമണ ശ്രമം
Thursday, September 18, 2014 12:17 AM IST
ബദിയഡുക്ക(കാസര്‍ഗോഡ്): പോലീസിനുനേര്‍ക്കു വീണ്ടും മണല്‍ മാഫിയയുടെ ആക്രമണം. മണല്‍കടത്തു തടയാന്‍ ശ്രമിച്ച എസ്ഐയുടെ ജീപ്പിനു മുന്നില്‍ മണല്‍ ഇറക്കി ടിപ്പര്‍ ലോറിയുമായി ഡ്രൈവര്‍ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ പത്തരയോടെ പെര്‍ളക്കടുത്ത് ഇടിയടുക്ക പെട്രോള്‍ ബങ്കിനു മുന്നിലെ റോഡിലായിരുന്നു സംഭവം. അടുക്കസ്ഥല ഭാഗത്തുനിന്നു മണലുമായി ടിപ്പര്‍ ലോറി വരുന്നതു കണ്ട് എസ്ഐ പി.ജെ. ജോസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടുവയല്‍ ഊടുവഴിയിലൂടെ ലോറി അമിതവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. രണ്ടു ചെക്ക്പോസ്റുകളും കടന്നുവന്ന ലോറി പോലീസ് തടയുമെന്നായപ്പോള്‍ പോലീസ് ജീപ്പിനു മുന്നിലേക്കു മണല്‍ ഇറക്കിയാണു സംഘം രക്ഷപ്പെട്ടു.

ബദിയഡുക്ക പോലീസ് സ്റേഷന്‍ പരിധിയില്‍ പോലീസിനു നേരേ ആറു മാസത്തിനുള്ളിലുണ്ടാകുന്ന അഞ്ചാമത്തെ അക്രമണമാണിത്. മണല്‍ കള്ളക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള വീറും വാ ശിയും വര്‍ധിക്കുമ്പോള്‍ ഒരു വിഭാഗം പോലീസിനു വിവരം നല്‍കുകയും മറുവിഭാഗം മണലുമായി കടക്കുകയും ചെയ്യുന്നത് ഇവിടെ നിത്യസംഭവമാണ്. വന്‍ ലാഭം ലഭിക്കുന്നതിനാല്‍ മണല്‍കടത്തിനു യുവാക്കളായ ഡ്രൈവര്‍മാരാണു രംഗത്തുള്ളത്.

മണല്‍ ലോറിക്ക് എസ്കോര്‍ട്ടായി മൊബൈലുമായി നീങ്ങുന്ന ബൈക്ക് സംഘങ്ങളാണു ഡ്രൈവര്‍മാര്‍ക്കു കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത്.


ആറു മാസം മുമ്പു പുത്തിഗെ പുഴയില്‍നിന്നു മണലുമായി പോയ ലോറിയിലുണ്ടായിരുന്നവര്‍ നീര്‍ച്ചാലിനു സമീപം രത്നഗിരിയില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഷാ ഡോ പോലീസുകാരെ അക്രമിച്ചിരുന്നു. മൂക്കംപാറയില്‍ ജൂണ്‍ 29ന് എഎസ്പിയെ മണല്‍കക്കടത്തു സംഘം അക്രമിച്ചു. ജൂലൈ 23ന് മുണ്ട്യത്തടുക്കയ്ക്കു സമീപം നൂജിലയില്‍ എഎസ്ഐയെയും ഒരു പോലീസുകാരനെയും അക്രമിച്ചു മണല്‍ക്കടത്തു സംഘം രക്ഷപ്പെട്ടു.

ഈമാസം പത്തിനു നെല്ലിക്കട്ട പൈക്കയില്‍ മണല്‍ ലോറിയെ പിന്തുടര്‍ന്ന രണ്ടു പോലീസുകാരുടെ മേല്‍ മണല്‍ തട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ബദിയഡുക്ക മേഖലയില്‍ മാത്രം ആറു മാസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ സംഭവമാണ് ഇന്നലത്തേത്.

ഇതിനു മുമ്പ് ബേക്കല്‍ പോലീസ് സ്റേഷന്‍ പരിധിയില്‍ മണല്‍ക്കടത്തു തടയാന്‍ ശ്രമിച്ച എസ്ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജില്ലയില്‍ അധോലക സംഘങ്ങളെ വെല്ലുന്ന പ്രവര്‍ത്തനമാണു മണല്‍കടത്തു സംഘങ്ങളുടേത്. പോലീസില്‍ വേണ്ടത്ര അംഗബലവും വാഹനങ്ങളും ഇല്ലാത്തതിനാല്‍ കാര്യക്ഷമമായ പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്നു പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.