സാക്ഷരതാ പ്രേരക്മാര്‍ക്കു വര്‍ധിപ്പിച്ച ഓണറേറിയം ഈ മാസം മുതല്‍
Thursday, September 18, 2014 12:35 AM IST
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അഥോറിറ്റിയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ക്ക് നാല്പത് ശതമാനം ഓണറേറിയം വര്‍ധനവ് സെപ്തംബര്‍ മുതല്‍ നല്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം പ്രേരക്മാര്‍ക്ക് നൂറ് ശതമാനം ഓണറേറിയം വര്‍ധനവ് നല്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ധനവ് അറുപത് ശതമാനമാക്കി നിശ്ചയിക്കുകയും കഴിഞ്ഞ ഓണക്കാലത്തിന് മുന്‍പുതന്നെ തുക പ്രേരക്മാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

അവശേഷിച്ച നാല്പത് ശതമാനം സാക്ഷരതാമിഷന്‍ തനത് ഫണ്ടില്‍ നിന്നും ഈ മാസം മുതല്‍ തന്നെ നല്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. 14 ജില്ലകളിലും സ്റേറ്റ് ഓഫീസിലുമായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാര്‍ക്ക് ശമ്പളസ്കെയിലും സേവന വേതന വ്യവസ്ഥകള്‍ തയാറാക്കുന്നതിനും യോഗം തീരുമാനിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് നേരത്തെ എക്സിക്യുട്ടീവ് കമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗം അംഗീകരിക്കുകയും വിശദമായ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.


സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭകളുടെ നേതൃത്വത്തില്‍ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഊര്‍ജിതമായി നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.