വിദേശ മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; വിദേശ പണത്തിലും വന്‍വര്‍ധന
Thursday, September 18, 2014 12:35 AM IST
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്തു കുടിയേറ്റത്തിനു കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും വിദേശത്തേക്കു പോകുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ 23.63 ലക്ഷം മലയാളികള്‍ വിദേശത്തു ജോലി ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട് കണ്െടത്തി. ഇവരില്‍ നിന്നു കേരളത്തിന് 2013 -14 ല്‍ 72,680 കോടി രൂപ ലഭിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിനു വേണ്ടി തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ് (സിഡിഎസ്) നടത്തി യ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. കെ.സി. സഖറിയയും എസ്. ഇരുദയരാജനും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

മലയാളി കുടിയേറ്റ പഠനം ഇതിനു മുമ്പു സിഡിഎസ് നടത്തിയത് 2011 ല്‍ ആയിരുന്നു. അന്ന് വിദേശ മലയാളികളുടെ എണ്ണം 22.81 ലക്ഷം എന്നായിരുന്നു കണ്െടത്തിയത്. മൂന്നു വര്‍ഷത്തിനിടയില്‍ വിദേശത്തുള്ള മലയാളികളുടെ എണ്ണത്തില്‍ 82,768 പേരുടെ വര്‍ധനയുണ്ടായി. വിദേശത്തു പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും വര്‍ധനയുടെ തോതു കുറഞ്ഞു വരുന്നതായി കാണാം.

എന്നാല്‍, കേരളത്തിലേക്കു വരുന്ന വിദേശ പണത്തിന്റെ തോതില്‍ ഗണ്യമായ വര്‍ധനയും കാണുന്നുണ്ട്. 2011 ല്‍ ലഭിച്ചിരുന്ന വിദേശ പണത്തേക്കാള്‍ 40 ശതമാനം വര്‍ധനയാണ് 2014 ല്‍ കാണുന്നത്. രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവും ഈ വര്‍ധനയ്ക്കു കാരണമായിട്ടുണ്െടന്നു പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം 12.48 ലക്ഷം പേര്‍ വിദേശത്തു നിന്നു കേരളത്തിലേക്കു മടങ്ങിയെത്തിയിട്ടുമുണ്ട്.

വിദേശത്തേക്കുള്ള മലയാളിയുടെ ഒഴുക്കു നിലയ്ക്കാന്‍ പോകുന്നു എന്നായിരുന്നു സിഡിഎസിന്റെ 2011 ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ആ നിഗമനം തെറ്റായിരുന്നുവെന്ന് ഇപ്പോഴത്തെ പഠനത്തില്‍ വ്യക്തമാകുന്നു. തൊഴില്‍ തേടി പോകാനുള്ള പ്രായത്തിലുള്ളവരുടെ എണ്ണം ജനസംഖ്യയില്‍ കുറഞ്ഞുവരികയാണെങ്കിലും വിദ്യാഭ്യാസമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയും കേരളത്തില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശത്തേക്കുള്ള മലയാളി കുടിയേറ്റം ഇനിയും തുടരുമെന്ന സൂചനയാണു പഠനം നല്‍കുന്നത്.


കേരളത്തിലെ വിദേശമലയാളികളില്‍ കൂടുതലും ഇപ്പോഴും മലപ്പുറത്തു നിന്നാണ്. 4,44,100 പേരാണ് മലപ്പുറത്തു നിന്നു വിദേശത്തുള്ളത്. ഇതു മൊത്തം വിദേശ മലയാളികളുടെ 18.8 ശതമാനം വരും. കണ്ണൂര്‍ രണ്ടാമതും തിരുവനന്തപുരം മൂന്നാമതും തൃശൂര്‍ നാലാമതുമാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കുറച്ച് ആള്‍ക്കാര്‍ വിദേശത്തുള്ളത്.

വിദേശ മലയാളികളില്‍ 86 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. ഇതില്‍ത്തന്നെ 37.5 ശതമാനവും യുഎഇയിലാണ്.

വിദേശമലയാളികളുടെ സംഭാവന കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നിലധികം വരും. 2010-11 ലേതിനേക്കാള്‍ 22,985 കോടി രൂപ അധികമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശത്തു നിന്നു കേരളത്തിലെത്തി. 46 ശതമാനത്തിന്റെ വര്‍ധനയാണിതു കാണിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവു മൂലമാണ് കുത്തനെയുള്ള ഈ വര്‍ധനയുണ്ടായത്.

നിതാഖാത്ത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും മലയാളിക്കു ഗള്‍ഫ് ഇന്നും സ്വപ്ന ഭൂമി തന്നെ. വിദേശ മലയാളിയുടെ വരുമാനം കേരളത്തിന്റെ സമ്പദ്ഘടനയില്‍ തുടര്‍ന്നും ഗണ്യമായ സ്വാധീനം ചെലുത്തുമെന്നും പഠനം വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.