സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണം: ഹൈക്കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണം: ഹൈക്കോടതി
Thursday, September 18, 2014 12:34 AM IST
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു മുഴുവന്‍ മാനേജ്മെന്റുകളുമായി കരാറിലേര്‍പ്പെടാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു പൊതുപ്രവേശന പരീക്ഷ എഴുതിയ വൈക്കം വെച്ചൂര്‍ സ്വദേശിനി രേഷ്മ ജഗദീഷ് നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് കെ.ടി. ശങ്കരനും ജസ്റീസ് പി.ഡി. രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.

വിവിധ മാനേജ്മെന്റുകളുടെ വ്യത്യസ്ത പ്രവേശന നടപടികളാണു നിലനില്‍ക്കുന്നത്. അവര്‍ പ്രവേശനം നടത്തുന്നതും ഫീസ് ഈടാക്കുന്നതും വ്യത്യസ്ത തരത്തിലാണ്. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പ്രവേശന നടപടികളില്‍ അരാജകത്വമാണു നിലനില്‍ക്കുന്നത്. പെട്ടിക്കട തുടങ്ങുന്നതിനുള്ള നിയന്ത്രണം പോലും മെഡിക്കല്‍ കോളജുകളുടെ കാര്യത്തിലില്ല.

വിദ്യാര്‍ഥിപ്രവേശനം സ്വാശ്രയ മാനേജുമെന്റുകളുടെ ഇഷ്ടപ്രകാരമായിത്തീര്‍ന്നിരിക്കുന്നു. ഫീസും മാനേജ്മെന്റുകള്‍ തന്നെ നിശ്ചയിക്കുന്നു. ഇതുമൂലം സാധാരണക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണു നെട്ടോട്ടമോടുന്നത്. ഈ സ്ഥിതി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


സര്‍ക്കാരിനേക്കാള്‍ ഈ വിഷയത്തില്‍ അധികാരമുള്ളതു ജയിംസ് കമ്മിറ്റിക്കാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഏകീകൃത പ്രവേശന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി 2006ല്‍ തയാറാക്കിയ സ്വാശ്രയനിയമം ഹൈക്കോടതി റദ്ദാക്കിയെന്നും ഇതിനെതിരായ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാരിനും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും ജയിംസ് കമ്മിറ്റിക്കും പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷനും നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കി. ഈ മാസം 30നു മുമ്പു പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യത്തിലാണു ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയത്. സര്‍ക്കാരുമായി ചില മാനേജ്മെന്റുകള്‍ കരാറില്‍ ഏര്‍പ്പെടാത്ത സാഹചര്യത്തില്‍ 675 മെറിറ്റ് സീറ്റിലെ പ്രവേശനം അനിശ്ചിതത്വത്തിലാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.