ബിന്ധ്യയും റുക്സാനയും പോലീസ് വാഹനം വേണമെന്നാവശ്യപ്പെട്ടു ജയിലില്‍ ബഹളം വച്ചു
ബിന്ധ്യയും റുക്സാനയും പോലീസ് വാഹനം വേണമെന്നാവശ്യപ്പെട്ടു ജയിലില്‍ ബഹളം വച്ചു
Thursday, September 18, 2014 12:31 AM IST
തിരുവനന്തപുരം: കൊച്ചി ബ്ളാക്ക്മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യയും റുക്സാനയും കോടതിയില്‍ പോകാന്‍ പോലീസ് വാഹനം വേണമെന്നാവശ്യപ്പെട്ട് വനിതാ ജയിലില്‍ ബഹളം വച്ചു. പോലീസ് ഇരുവരെയും കെഎസ്ആര്‍ടിസി ബസില്‍ പോലീസ് സംരക്ഷണയില്‍ കോടതിയിലെത്തിച്ചു.

ജുഡീഷല്‍ കസ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ബിന്ധ്യയെയും റുക്സാനയെയും സമാനമായ കൊല്ലത്തെ മറ്റൊരു കേസില്‍ കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനൊരുങ്ങവെയാണ് ഇരുവരും ഇന്നലെ രാവിലെ എട്ടിനു വനിതാ ജയിലില്‍ ബഹളംവച്ചത്. കൊല്ലം കോടതിയില്‍ ഹാജരാക്കാനുള്ള വാറന്റുമായി ഫോര്‍ട്ട് പോലീസ് ജയിലിലെത്തി. ഇരുവരെയും കോടതിയിലേക്കു കൊണ്ടുപോകാന്‍ ഒരുങ്ങവെയാണ് തങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാനാകില്ലെന്നും പോലീസ് ജീപ്പില്‍ പോലീസ് അകമ്പടിയോടെ കോടതിയിലെത്തിക്കണമെന്നും വാശിപിടിച്ചത്.


പോലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധ്യമല്ലെന്നും കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടുപോകാനാണ് അനുമതിയുള്ളതെന്നും ഫോര്‍ട്ട് പോലീസ് ഇരുവരോടും പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ തയാറായില്ല. ഈ വിവരം ഡിസിപി അജീതാബീഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരേയും കെഎസ്ആര്‍ടിസി ബസില്‍ കോടതിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് വനിതാ പോലീസ് റുക്സാനയെയും ബിന്ധ്യയെയും ബലമായി കെഎസ്ആര്‍ടിസി ബസില്‍ കയറ്റി കോടതിയിലെത്തിക്കുകയായിരുന്നു. കൊല്ലത്തെ ഒരു വ്യവസായിയെ ബ്ളാക്ക്മെയില്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇന്നലെ ഇരുവരെയും പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.