സ്കൂള്‍ മേളകള്‍ ബഹിഷ്കരിക്കും: ടീച്ചേഴ്സ് ഗില്‍ഡ്
Thursday, September 18, 2014 12:31 AM IST
കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ വര്‍ഷങ്ങളായി അംഗീകരിക്കാത്ത ഗവണ്‍മെന്റ് നടപടികളില്‍ പ്രതിഷേധിച്ചു സ്കൂള്‍ കലാ, കായിക മേളകള്‍ ബഹിഷ്കരിക്കുമെന്നു രൂപത ടീച്ചേഴ്സ് ഗില്‍ഡ്.

അംഗീകൃത തസ്തികകളില്‍ നിയമാനുസൃതം നിയമിക്കപ്പെട്ട അധ്യാപകര്‍ക്കു നാളിതുവരെ നിയമന അഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണു വിദ്യാഭ്യാസ വകുപ്പിന്റെ മേളകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചത്. തുടര്‍ച്ചയായ ഉത്തരവുകളിറക്കി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ പുറത്താക്കുകയും അതുവഴി കുട്ടികള്‍ക്ക് ആവശ്യമായ അധ്യാപക സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്.

ജോലി ചെയ്താല്‍ പ്രതിഫലം ലഭിക്കാത്ത അവസ്ഥ സംജാതമാകുകയും അതുമൂലം വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ ലഭ്യമാക്കുമെന്ന് ആവര്‍ത്തിച്ചു സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്െടങ്കിലും ബാങ്ക് ഇതുവരെയും രൂപീകരിച്ചിട്ടില്ല. അധ്യാപകര്‍ അവധിയെടുത്താല്‍ പകരം അധ്യാപകരില്ലാത്ത അവസ്ഥയാണ്. കായികാധ്യാപകരുടെ അസാന്നിധ്യം അച്ചടക്കത്തെയും കായിക പരിശീലനത്തെയും തടസപ്പെടുത്തി. 2011 മുതല്‍ സ്പെഷലിസ്റ് അധ്യാപകരുടെ നിയമനവും തടഞ്ഞിരിക്കുകയാണ്.


കെഇആര്‍ പരിഷ്കരണത്തിന്റെ മറവില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നു യോഗം ആവശ്യപ്പെട്ടു. അധ്യാപകരുടെ ആത്മവിശ്വാസവും അഭിമാനവും നഷ്ടപ്പെടുത്തി സ്കൂളുകളുടെ നിലവാരം തകര്‍ക്കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചു വരുന്നതെന്നും രക്ഷകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കോര്‍പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറി, മേഴ്സി തോമസ്, ബെന്നി ജോസഫ്, ജോസഫ് മാത്യു, ജോസുകുട്ടി മാത്യു, ജയമ്മ ജോസഫ്, ഹണിമോള്‍ ജോസഫ്, വി.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.