മദ്യനയം: ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമുണ്െടന്നു ബാറുടമകള്‍
മദ്യനയം: ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമുണ്െടന്നു ബാറുടമകള്‍
Thursday, September 18, 2014 12:14 AM IST
കൊച്ചി: സംസ്ഥാനത്തെ ബാറുടമകളോടു സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനം നിയമപരമല്ലെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും ബാറുടമകള്‍. 312 ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ നോട്ടീസ് ചോദ്യം ചെയ്തു പി. സോമരാജന്‍ ഉള്‍പ്പെടെ ഒരുകൂട്ടം ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ബാറുടമകളുടെ സത്യവാങ്മൂലം.

ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകളും പൂട്ടണം. രാജ്യാന്തര കുത്തകകളെയും വന്‍കിട ഹോട്ടലുകളെയും സഹായിക്കാനാണു ഫൈവ് സ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇങ്ങനെ തീരുമാനം എടുക്കണമെങ്കില്‍ നിയമസഭ വഴി നിയമം പാസാക്കണം. ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനു മുമ്പു വേണ്ടത്ര സമയം അനുവദിക്കാതെ സ്വാഭാവികനീതി ലംഘിച്ചാണു സര്‍ക്കാരിന്റെ നടപ ടികള്‍. ബാറുകള്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല എന്നിരിക്കെ ലൈസന്‍സ് റദ്ദാക്കുന്നതു ന്യായമല്ല.


സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ പങ്ക് നികുതി, തീരുവ എന്നിവയാണ്. മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതു സംസ്ഥാന വികസനത്തെ ബാധിക്കും. ശരിയായ പഠനമില്ലാതെയാണു തീരുമാനമെന്നും നടപടി സുതാര്യമല്ലെന്നും സത്യവാങ്മൂലം പറയുന്നു. ഹര്‍ജികള്‍ ജസ്റീസ് കെ. സുരേന്ദ്രമോഹന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കാന്‍ തയാറായില്ല. ഇതിനെതിരേയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയതോടെ ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അപ്പീലിന്റെ ഗുണദോഷവശങ്ങളിലേക്കു കടക്കാതെ ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീം കോടതി സിംഗിള്‍ ബെഞ്ചിനു നിര്‍ദേശം നല്‍ കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.