തൊണ്ണൂറിന്റെ നിറവിലും ഡോ. സഖറിയ കര്‍മനിരതന്‍
Thursday, September 18, 2014 12:30 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജനസംഖ്യാ പഠനത്തിനു പുതിയ പാത വെട്ടിത്തുറന്ന ഡോ. കെ.സി. സഖറിയ തൊണ്ണൂറിന്റെ നിറവിലും കര്‍മനിരതന്‍. മലയാളികള്‍ ലോകത്ത് എവിടേയ്ക്ക് കുടിയേറ്റം നടത്തിയിട്ടുണ്െടങ്കിലും അതു സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലുണ്ട്. ഇന്ത്യയില്‍ നിന്നു ഗള്‍ഫിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവാസ ജീവിതം തേടിപ്പോവുന്നവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും അവരുടെ പ്രവര്‍ത്തനങ്ങള്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായകരമായി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും വളരെ കൃത്യമായി ഈ ജനസംഖ്യാ വിദഗ്ധന്റെ കൈവശം തയാര്‍. മലയാളിയുടെ സ്വന്തം പ്രവാസ ഭൂമിയായിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇപ്പോള്‍ മലയാളികളേക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യക്കാരാണു കുടിയേറ്റം നടത്തുന്നതെന്നാണു പുതിയ പഠന റിപ്പോര്‍ട്ടിലെ കണ്െടത്തല്‍.

തങ്ങളുടെ പ്രിയപ്പെട്ട സഖറിയാ സാറിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം സിഡിഎസിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന സിഡിഎസില്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ചാണ് പുതിയ റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിച്ചത്. .

പ്രശസ്തിക്കു പിന്നാലെ പായാതെ കര്‍മരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു മുന്നേറുന്ന ഡോ. സഖറിയ യുഎന്നിലും ലോകബാങ്കിലും ജനസംഖ്യാ വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉന്നതപദവികളിലിരിക്കുമ്പോഴും ലാളിത്യം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന സഖറിയ മലയാളികള്‍ക്ക് അഭിമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി ഗവേഷകരും ഗവേഷണ വിദ്യാര്‍ഥികളുമാണ് തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് ആശംസകള്‍ അര്‍പ്പിക്കാനായി സിഡിഎസില്‍ എത്തിച്ചേര്‍ന്നത്.

1966 മുതല്‍ 1970 വരെ ഈജിപ്റ്റില്‍ യുഎന്‍ ജനസംഖ്യാ വിദഗ്ധനായി പ്രവര്‍ത്തിച്ചു. ഇവിടെ നടത്തിയ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്നവണ്ണം 1971 മുതല്‍ 1989 വരെ ലോകബാങ്കിന്റെ ആദ്യ ജനസംഖ്യാ വിദഗ്ധനെന്ന പദവി അദ്ദേഹത്തെ തേടിയെത്തി. ഈ കാലഘട്ടത്തില്‍ ലോകബാങ്കിനു വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നും അന്യ രാജ്യങ്ങളിലേക്കു കുടിയേറ്റം നടത്തുന്നവരെക്കുറിച്ചു വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്നു. ലോകബാങ്കില്‍ നിന്നും 1989-ല്‍ വിരമിച്ച അദ്ദേഹം മലയാളക്കരയിലേക്കു തിരികെയെത്തി. തുടര്‍ന്നു തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസില്‍ പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു.


ഈ കാലയളവിലും ജനസം ഖ്യാ പഠനം സംബന്ധിച്ചുള്ള ഗവേഷണത്തിനായി ഏറിയ പങ്കു സമയവും ചെലവഴിച്ചു. ഇതിനോടകം 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതു കൂടാതെ 30 ജേര്‍ണല്‍, 25 വര്‍ക്കിംഗ് പേപ്പര്‍ എന്നിവയും പ്രസിദ്ധീകരിച്ചു. ഇവയിലേറെയും പ്രസിദ്ധീകരിച്ചത് ഡോ. സഖറിയ 75 വയസ് പിന്നിട്ടതിനുശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

90-ാം വയസിലും ഗവേഷണത്തോടുള്ള അദ്ദേഹത്തിന്റെ താത്പര്യം ഏറിവരികയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ഇപ്പോഴും അദ്ദേഹത്തിനു കീഴില്‍ ഗവേഷണം നടത്തുന്നത്. ഡോ. സഖറിയയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ആറു കുടിയേറ്റ സര്‍വേ പഠനം ഇപ്പോഴും നടക്കുന്നുണ്ട്.

1924 സെബ്റ്റംബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ നിരണത്താണ് ഡോ. സഖറിയയുടെ ജനനം. ബിഎസ്സി ഫിസിക്സ്, എംഎസ്സി സ്റാറ്റിസ്റിക്സ് എന്നിവയില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു ഫസ്റ് ക്ളാസോടെ പഠനം പൂര്‍ത്തിയാക്കി. 1949-ല്‍ ഗോഹട്ടി സര്‍വകലാശായുടെ ആദ്യ സ്റാറ്റിസ്റിക്സ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു. 1951 മുതല്‍ 56 വരെ പാറ്റനാ സര്‍വകലാശാലയില്‍ സ്റാറ്റിസ്റിക്സ് അധ്യാപകന്‍.

1957-ല്‍ മുംബെ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റഡീസില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ ജനസംഖ്യാ വൈദഗ്ധ്യം സംബന്ധിച്ച് തയാറാക്കിയ കരിക്കുലമാണ് പിന്നീട് യുഎന്‍ ജനസംഖ്യാ കേന്ദ്രത്തില്‍ വരെ പഠന വിഷയമായി ഉപയോഗിച്ചത്. ജനസംഖ്യാ വൈദഗ്ധ്യം എന്നാല്‍ ഡോ. സഖറിയയുടെ പേരു പരാമര്‍ശിക്കാതിരിക്കാന്‍ ലോകത്തിനു കഴിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.