കോലാഹലമേട് മോഡേണ്‍ ബുള്‍ മദര്‍ ഫാം ഉദ്ഘാടനം നാളെ
കോലാഹലമേട് മോഡേണ്‍ ബുള്‍ മദര്‍ ഫാം ഉദ്ഘാടനം നാളെ
Thursday, September 18, 2014 12:26 AM IST
തൊടുപുഴ: അത്യുത്പാദനശേഷിയുള്ള പശുക്കളെയും മികച്ചയിനം മൂരിക്കുട്ടന്‍മാരെയും ഉദ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോലാഹലമേട്ടില്‍ ആരംഭിക്കുന്ന മോഡേണ്‍ ബുള്‍ മദര്‍ഫാമിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ നടക്കും.

അത്യുത്പാദന ശേഷിയുള്ള പശുക്കളെ ഉല്‍പാദിപ്പിക്കുന്നതിലൂടെ കേരളത്തിലെ പാലുദ്പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. ഇടുക്കി ജില്ലയിലെ ക്ഷീരോദ്പാദന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നതാണ് പദ്ധതി. ഫാമിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചകഴിഞ്ഞു 2.30നു മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് രണ്ടാംഘട്ട പ്രവര്‍ത്തനത്തിനു തറക്കല്ലിടും. ഡയറി ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ജോയ്സ് ജോര്‍ജ് എംപി നിര്‍വഹിക്കും. ഇ.എസ്. ബിജിമോള്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകര്‍ത്താക്കളും പങ്കെടുക്കും.

കേരളാ ലൈവ് സ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് സജ്ജമാക്കിയ മോഡേണ്‍ ബുള്‍മദര്‍ ഫാമിലെ റോട്ടറി മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കള്‍ക്ക് ഫൈവ്സ്റാര്‍ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു ലൈവ് സ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ആര്‍.രാജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു. എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ലറില്‍ പശുക്കള്‍ കയറിനില്‍ക്കുമ്പോള്‍ അകിടില്‍ യന്ത്രം ഘടിപ്പിക്കും. എട്ടു മിനിറ്റിനുള്ളില്‍ കറവ തീരും. ഈ സമയം പാര്‍ലര്‍ മെല്ലെ കറങ്ങിക്കൊണ്ടിരിക്കും. കറവ പൂര്‍ത്തിയായി പാര്‍ലറിന്റെ പ്ളാറ്റ്ഫോം കറങ്ങി കറങ്ങി എക്സിറ്റ് വാതിലെത്തുമ്പോള്‍ പശുവിന് താനേ ഇറങ്ങിപ്പോകാം. ഊഴം കാത്തു നില്‍ക്കുന്ന അടുത്ത പശുവിന് എന്‍ട്രിഗേറ്റിലൂടെ പ്രവേശിക്കാം. ഒരേസമയം 24 പശുക്കളെ കറക്കാനുള്ള സൌകര്യമാണ് ഇവിടെയുള്ളത്. പ്ളാറ്റ്ഫോമില്‍ കയറിനില്‍ക്കുന്ന പശുവിന്റെ അകിട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതും ഓട്ടോമാറ്റിക്കായി തന്നെ. കറവയുടെ സമയം ക്രമീകരിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനവും ഇവിടെയുണ്ട്.


വെള്ളം പാഴാക്കാതെ അരമണിക്കൂറിനുള്ളില്‍ ഇവിടം വൃത്തിയാക്കാനും പുത്തന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ റോട്ടറി മില്‍ക്കിംഗ് പാര്‍ലര്‍ രാജ്യത്ത് ആദ്യമാണ്. ഇവിടെയുള്ള എല്ലാ പശുക്കള്‍ക്കും ഓട്ടോ അനിമല്‍ ഐഡന്റിഫിക്കേഷന്‍ സിസ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശുവിന്റെ നമ്പര്‍, ജനന തീയതി, പ്രസവിച്ച ദിവസം, പാലിന്റെ അളവ് തുടങ്ങിയവ ചിപ്പില്‍ രേഖപ്പെടുത്തിയിരിക്കും. രോഗങ്ങളോ, മദി ലക്ഷണങ്ങളോ ഉള്ള പശുക്കളെ ഇതിലൂടെ തിരിച്ചറിയാനാകും. പശുക്കളെയെല്ലാം സ്വതന്ത്രമായിട്ടാണ് വിട്ടിരിക്കുന്നത്. ഇവയുടെ ചാണകം നീക്കം ചെയ്യുന്നതും ശാസ്ത്രീയ രീതിയിലാണ്. പശുക്കളുടെ ശരീരത്തില്‍ ചൊറിച്ചിലുണ്െടങ്കില്‍ അസ്വസ്ഥത മാറ്റാനും ഓട്ടോമാറ്റിക് സംവിധാനമുണ്ട്. കൌ ബ്രഷുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തി ശരീരം കാട്ടിയാല്‍ മതി. ബ്രഷുകൊണ്ട് ശരീരത്തില്‍ മെല്ലെ തടവും.

ഒന്നാം ഘട്ടത്തില്‍ 200 പശുക്കളെയാണ് ഇവിടെ എത്തിക്കുക. തിരുവനന്തപുരം, പാലക്കാട് എന്നിവയ്ക്കു പുറമേ തമിഴ്നാട്ടിലെ കന്യാകുമാരി, സേലം എന്നിവിടങ്ങളില്‍നിന്നും മികച്ചയിനം പശുക്കളെ കോലാഹലമേട്ടില്‍ എത്തിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ 300 പശുക്കളെയാണ് കൊണ്ടുവരിക. ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന ഭ്രൂണങ്ങള്‍ മാട്ടുപ്പെട്ടിയിലെ റിയറിംഗ് സ്റേഷനിലെത്തിക്കും. കര്‍ഷകര്‍ക്ക് ഇവ വില്‍ക്കാനും പദ്ധതിയുണ്ട്. അധികമായിവരുന്ന പശുക്കളെ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്കു വില്‍ക്കും. വിത്തുകാളകളെയും ഈ രീതിയില്‍ കൈമാറും. അവശേഷിക്കുന്ന കാളകളെ അറവുശാലകള്‍ക്കു വില്‍ക്കും. പത്രസമ്മേളനത്തില്‍ കോലാഹലമേട് സ്പെഷല്‍ ഓഫീസര്‍ ഡോ. ജെ. അനൂപ്, ഡപ്യൂട്ടി മാനേജര്‍ ഡോ. ജേക്കബ് മാത്യു, പേഴ്സണല്‍ മാനേജര്‍ ബി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.