ധനവകുപ്പ് അനുവദിച്ചാല്‍ മാത്രം പുതിയ തസ്തികകള്‍
ധനവകുപ്പ് അനുവദിച്ചാല്‍ മാത്രം പുതിയ തസ്തികകള്‍
Thursday, September 18, 2014 12:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ തസ്തികകള്‍ അനുവദിക്കാന്‍ ധനവകുപ്പിന്റെ അംഗീകാരം ആവശ്യമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത മാര്‍ച്ച് 31 വരെ ഈ നില തുടരും.

സംസ്ഥാനത്തു നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കേന്ദ്ര വിഹിതവും വരുമാനവും കുറഞ്ഞതും വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയതുമാണു കാരണം.

സംസ്ഥാനത്തെ 30,000 അധിക തസ്തികകളില്‍ പുനര്‍വിന്യാസം നടത്തുന്നതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രേഷന്‍ മന്ത്രി അനുപ് ജേക്കബ് കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരാണ് അംഗങ്ങള്‍. അടുത്ത മാസം ഒന്നിനു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കണം. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുക.


ഓഹരി വില്‍പനയും കടമെടുപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഇതോടൊപ്പം ട്രഷറിയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചും പഠിക്കും.

2015 മാര്‍ച്ച് 31 വരെ മന്ത്രിമാരുടെ ശമ്പളത്തിലും അലവന്‍സിലുമുള്ള 80 ശതമാനം മാത്രമേ കൈപ്പറ്റുകയുള്ളു. 20 ശതമാനം തുക കുറച്ചു വാങ്ങാന്‍ തീരുമാനിച്ചു. വിദേശ യാത്ര അത്യാവശ്യ ഘട്ടത്തില്‍ മാത്രം മതിയെന്നും തീരുമാനിച്ചു.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു കൂടിയാണു വില വര്‍ധന. മദ്യത്തിന്റെ കച്ചവടവും ഉപയോഗവും മൌലികാവകാശമല്ലെന്നും നിത്യോപയോഗ സാധനമായിട്ടോ കണ്ടിട്ടില്ല. ബജറ്റിനു പുറമേ അധിക വിഭവ സമാഹരണത്തിനു നികുതി നിരക്ക് ഉയര്‍ത്തി ഓര്‍ഡിനന്‍സ് നേരത്തെയും ഇറക്കിയിട്ടുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.വി.ജയരാജന്‍ പരനാറിയെന്നു വിളിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും എന്തു പറഞ്ഞാലും എതിര്‍പ്പില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.