മദ്യനയം: ടൂറിസം മേഖലയുടെ ആശങ്ക കണക്കിലെടുക്കുമെന്നു മുഖ്യമന്ത്രി
മദ്യനയം: ടൂറിസം മേഖലയുടെ ആശങ്ക കണക്കിലെടുക്കുമെന്നു മുഖ്യമന്ത്രി
Thursday, September 18, 2014 12:21 AM IST
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പിലാക്കുമ്പോള്‍ ടൂറിസം മേഖലയുടെ ആശങ്കകള്‍ കണക്കിലെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൂറിസം മേഖലയ്ക്കു സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം 2014) ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനു ചില പരിമിതികളുണ്െടന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കേരളത്തെ അടുത്തറിയാന്‍ ഏറ്റവും നല്ല മാര്‍ഗമാണു കേരള ട്രാവല്‍ മാര്‍ട്ട്. ഓരോ തവണയും കെടിഎമ്മില്‍ പങ്കാളിത്തം വര്‍ധിച്ചുവരുന്നത് അതിന്റെ ഏറുന്ന പ്രസക്തിയെയാണു ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയെ ഒന്നാകെ അണിനിരത്തുന്ന ഏക വേദിയാണിത്. സ്വകാര്യ മേഖല ഒന്നടങ്കം ടൂറിസം വകുപ്പിനു കീഴില്‍ അണിനിരക്കുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ആക്കം കൂട്ടും.

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പൊതുമേഖല-സ്വകാര്യ മേഖല പങ്കാളിത്തം ശക്തിപ്പെടുത്തും. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു ടൂറിസം വ്യവസായം. ടൂറിസം മേഖലയില്‍ കേരളം ആഗോള ബ്രാന്‍ഡായി അതിദ്രുതം വളരുകയാണ്. 23,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് ഉണ്ടായ വരുമാനം. ടൂറിസം വകുപ്പിനു കീഴില്‍ ആയിരത്തോളം അംഗീകൃത ഹോംസ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറഞ്ഞ മുടക്കുമുതലില്‍ സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്കു വന്‍ സംഭാവനയാണു ഹോംസ്റേകള്‍ നല്‍കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ പതിനായിരത്തിലേറെ ടൂര്‍ ഓപ്പറേറ്റര്‍മാരെ കേരളത്തിലെത്തിക്കാന്‍ കെടിഎമ്മിനു കഴിഞ്ഞു. 60 രാജ്യങ്ങളില്‍നിന്നായി 300 അന്താരാഷ്ട്ര ബയര്‍മാര്‍ എത്തിയിട്ടുണ്ട്. 8,000 ബിസിനസ് മീറ്റുകളും കെടിഎമ്മിന്റെ ഭാഗമായി നടക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെടിഎമ്മില്‍ സംബന്ധിക്കുന്നവരെകുറിച്ചുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ അനുപമ, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, കെടിഎം മുന്‍ പ്രസിഡന്റുമാരായ ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ജോസ് ഡോമിനിക് എന്നിവര്‍ സംബന്ധിച്ചു. കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് സ്വാഗതവും ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേക്ക് പരീത് നന്ദിയും പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു.


അര്‍ജന്റീന, ഓസ്ട്രേലിയ, സ്കാന്‍ഡിനേവിയ, ബ്രസീല്‍ എന്നിവയാണ് കെടിഎമ്മില്‍ ഇത്തവണ പുതുതായി പങ്കെടുക്കുന്ന അതിഥികള്‍. ബ്രിട്ടണ്‍, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ബയര്‍മാര്‍ എത്തുന്നത്. 25 മുതല്‍ 30 വരെയുള്ള സംഘങ്ങളാണ് ഓരോ രാജ്യത്തുനിന്നും എത്തുന്നത്. ഓസ്ട്രേലിയ (30), ദക്ഷിണാഫ്രിക്ക (12), മലേഷ്യ (36), സ്കാന്‍ഡിനേവിയ, നെതര്‍ലന്‍ഡ്സ്, മിഡില്‍ ഈസ്റ്, കിഴക്കന്‍ യൂറോപ്പ്, ചിലി, പെറു എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ സാന്നിധ്യമാണ് ഇത്തവണ കെടിഎമ്മിനെ ശ്രദ്ധേയമാക്കുന്നത്. ബയര്‍-സെല്ലര്‍ കൂടിക്കാഴ്ച്ചക്കായി പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നൂതന സാങ്കേതികവിദ്യയാണ് ഇത്തവണ ഉപയോഗിക്കുന്നത്.

ഇത്തവണ 282 അന്താരാഷ്ട്ര ബയര്‍മാരും 938 തദ്ദേശീയ ബയര്‍മാരും കെടിഎമ്മില്‍ പങ്കെടുക്കുന്നുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ (137), ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഡിഎംസി (52), ഹോംസ്റ്റെ (12), ഹൌസ് ബോട്ട് (7), ആയുര്‍വേദ റിസോര്‍ട്ടുകള്‍ (8), ആയുര്‍വേദ സെന്ററുകള്‍ (7), ഹോട്ടല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് (7), ഫാം സ്റ്റെ എന്നിവയോടൊപ്പം അമ്യൂസ്മെന്റ് പാര്‍ക്ക്, ഇവന്റ് മാനേജ്മെന്റ്, സ്പെഷാലിറ്റി ആശുപത്രികള്‍, സ്വകാര്യ മ്യൂസിയങ്ങള്‍ തുടങ്ങി എല്ലാ മേഖലയും ഇതില്‍ സംബന്ധിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.