വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇന്നു മന്ത്രിസഭായോഗം പരിഗണിക്കും
Wednesday, September 17, 2014 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനുമായി എല്ലാ വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.

ഓരോ വകുപ്പിലെയും വരുമാനം വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനും നികുതി കുടിശിക പിരിവ് ഊര്‍ജിതമാക്കാനും നികുതി ചോര്‍ച്ച തടയാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ തയാറാക്കി നല്‍കിയ നിര്‍ദേശങ്ങളാണു പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മ പദ്ധതി തയാറാക്കും.

ജനങ്ങളെ നേരിട്ടുബാധിക്കുന്ന നിര്‍ദേശങ്ങള്‍ തത്കാലം നടപ്പാക്കേണ്െടന്നാണു സര്‍ക്കാരിന്റെ പൊതുസമീപനം. വിവിധ വകുപ്പുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ധനമന്ത്രി കെ.എം. മാണി ഇന്നു രാവിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.

ധനപ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി ഭൂമിയുടെ ന്യായവില 40 ശതമാനം വരെ ഉയര്‍ത്തുന്ന തരത്തിലുള്ള നിര്‍ദേശമാണു രജിസ്ട്രേഷന്‍ വകുപ്പു സമര്‍പ്പിച്ചത്. ന്യായവില ഉയര്‍ത്തുമ്പോള്‍ ആനുപാതികമായി സ്റാമ്പ് ഡ്യൂട്ടി വരുമാനത്തിലും വര്‍ധനയുണ്ടാകും. ഭൂമിയുടെ ക്രയവിക്രയം കാര്യമായി നടക്കുകയാണെങ്കില്‍ ഇതിലൂടെ 200 കോടി രൂപയുടെയെങ്കിലും അധിക വരുമാനം ഖജനാവിനു ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഭൂമിയുടെ ക്രയവിക്രയം മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞ സാഹചര്യത്തിലും സാധാരണക്കാരെ നേരിട്ടു ബാധിക്കുന്നതായതിനാലും പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായമുണ്ട്. ഭൂമിയുടെ ഇഷ്ടദാനത്തിന് നല്കിയ ഇളവു പുനഃക്രമീകരിക്കണം എന്നും നിര്‍ദേശമുണ്ട്.

പെട്രോളിനും ഡീസലിനും താത്കാലികമായി നിശ്ചിത ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്നാണു പൊതുമരാമത്തു വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാന വ്യാപകമായി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം കണ്െടത്താനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണു സെസ് ഏര്‍പ്പെടുത്തി പണം സ്വരൂപിക്കാനുള്ള ശിപാര്‍ശ. റോഡുകളുടെ പണി പൂര്‍ത്തിയാകുന്നതു വരെ മാത്രം സെസ് ഈടാക്കിയാല്‍ മതി.

സ്വകാര്യ എസ്റേറ്റുകള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്ന ഭൂമിയില്‍ നിന്നു പാട്ടത്തുക കൃത്യമായി പിരിച്ചെടുക്കാനും നിര്‍ദേശമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു വിട്ടുകൊടുത്ത ഭൂമിയില്‍ പലതിനും മിതമായ നിരക്കിലാണു പാട്ടത്തുക. ഇതുപോലും കിട്ടാത്ത സ്ഥിതിയാണ്. പാട്ടത്തുക വര്‍ധിപ്പിക്കണമെന്നും കുടിശിക പിരിവ് ഊര്‍ജിതമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


അധികമുള്ള ജീവനക്കാരുടെ പുനര്‍വിന്യാസമാണു ധനവകുപ്പ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന നിര്‍ദേശം. വിവിധ തസ്തികകളിലായി 30,000 ജീവനക്കാര്‍ അധികമുണ്ട്. ഇതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ ഒഴിവാക്കി ബാക്കിയുള്ള മുഴുവന്‍ ജീവനക്കാരുടെ പുനര്‍വിന്യാസം ശാസ്ത്രീയമായി പൂര്‍ത്തിയാക്കിയാല്‍ തന്നെ പ്രതിവര്‍ഷം നൂറുകണക്കിനു കോടി രൂപ ഖജനാവിനു ലാഭിക്കാനാകും.

വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ജലവിഭവ വകുപ്പ് ധനവകുപ്പിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ കുടിശിക തുക പിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്െടന്നു വൈദ്യുതി വകുപ്പും പറയുന്നു. നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്ത് അലംഭാവമുണ്െടന്നാണു പൊതുവെയുള്ള വിലയിരുത്തല്‍.

റബര്‍ വിലയിടിവ് കോട്ടയം, ഇടുക്കി ജില്ലകളില്‍ വിപണി മാന്ദ്യത്തിന് ഇടയാക്കിയിട്ടുണ്ട്. ഓണക്കാലത്തു പോലും ഇതു പ്രതിഫലിച്ചു. സ്വര്‍ണ നികുതി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണക്കടകളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതായും കണക്കാക്കിയിട്ടുണ്ട്. പിരിവ് ഊര്‍ജിതമാക്കാനുള്ള കര്‍മപദ്ധതി ആവിഷ്കരിച്ചേക്കും. മെറ്റല്‍- ക്രഷര്‍ യൂണിറ്റുകള്‍ക്ക് കോമ്പൌണ്ട് നികുതിയില്‍ ഇളവു നല്‍കിയതും വരുമാനത്തെ കാര്യമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പുതിയ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ല. പുതിയ തസ്തികകളും അനുവദിക്കേണ്ടതില്ലെന്ന കാര്യം നേരത്തെതന്നെ തീരുമാനിച്ചിരുന്നു.

ഒന്നിലേറെ വാഹനം ഉള്ളവരില്‍ നിന്ന് അധിക നികുതി ഈടാക്കാനുള്ള നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്. വാഹന നികുതി വര്‍ധിപ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള പുതിയ നിര്‍ദേശമാണു ശിപാര്‍ശ ചെയ്തിട്ടുള്ളത്. ആഡംബര വസ്ത്രങ്ങള്‍ക്കുള്ള അധിക നികുതി നിര്‍ദേശവും പരിഗണനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.