ഗ്രൂപ്പുകളെ താലോലിച്ചിരുന്നാല്‍ തിരിച്ചടി: സുധീരന്‍
ഗ്രൂപ്പുകളെ താലോലിച്ചിരുന്നാല്‍ തിരിച്ചടി: സുധീരന്‍
Wednesday, September 17, 2014 12:32 AM IST
തിരുവനന്തപുരം: ഗ്രൂപ്പുകളെ താലോലിച്ചിരുന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നു കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പുകളൊക്കെയുണ്െടന്നറിയാം. പക്ഷേ ഗ്രൂപ്പിനെ താലോലിച്ചിരുന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകില്ല. എല്ലാം ഒരു ദിവസംകൊണ്ടു ശരിയാക്കിക്കളയാമെന്ന മിഥ്യാധാരണയൊന്നും തനിക്കില്ല. വരാന്‍ പോകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ ഗ്രൂപ്പിനതീതമായി ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്തണം. പാര്‍ട്ടി പുനഃസംഘടന ഏറ്റവും വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുകളേതായാലും പ്രവര്‍ത്തിക്കുന്നവര്‍ മതി എന്ന നിലപാടാണു പാര്‍ട്ടിക്കുള്ളത്. പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ സ്ഥാനത്തു നിന്നു മാറണം. സ്ഥാനമാനങ്ങള്‍ അലങ്കാരങ്ങളാക്കാനുള്ളതല്ല. എല്ലാവര്‍ക്കും പദവികള്‍ മതി, പ്രവര്‍ത്തനം പിന്നാലെ മതി എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ഒരേ നിലയിലാണു നില്‍ക്കുന്നതെങ്കില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എന്താണു പ്രസക്തി. പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം എത്ര കുറവായാലും അവര്‍ മതി. അതുകൊണ്ടു പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്തവര്‍ സ്ഥാനത്തുനിന്നു സ്വയം ഒഴിയുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


താഴെത്തലങ്ങളിലുള്ള ദൌര്‍ബല്യങ്ങളെ മറികടക്കണം. ഫലപ്രദമായ ബൂത്ത് കമ്മിറ്റികളുടെ അഭാവം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളിലെങ്കിലും പ്രതികൂലമായി ബാധിച്ചിരുന്നു. പുനഃസംഘടന ഇക്കാലയളവിലെ പാര്‍ട്ടിയുടെ സുപ്രധാന ചുവടുവയ്പായിരുന്നു. ഗ്രൂപ്പ് അതിപ്രസരത്തില്‍ മനം മടുത്തു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നും മാറി നിന്നിരുന്നവര്‍ പോലും അവേശത്തോടെ അതിന്റെ ഭാഗമാകുന്നതാണു കാണാന്‍ കഴിഞ്ഞത്. അതിന്റെ ഭാഗമായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയേ മതിയാകൂ. അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്തി വി.എസ്. ശിവകുമാര്‍, കെപിസിസി വൈസ് പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സി.ആര്‍. ജയപ്രകാശ്, ട്രഷറര്‍ കരകുളം കൃഷ്ണപിള്ള, ആര്‍. സെല്‍വരാജ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ എം.എം. നസീര്‍, മണക്കാട് സുരേഷ്, വിജയന്‍ തോമസ്, കമ്പറ നാരായണന്‍, ആര്‍. വത്സലന്‍, ജി. രതികുമാര്‍, ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, നഗരസഭാ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.