ബാര്‍ പൂട്ടിയതു ജനത്തിനു സമാധാനവും സുരക്ഷയും ഉണ്ടാകാന്‍: സര്‍ക്കാര്‍
Wednesday, September 17, 2014 12:18 AM IST
കൊച്ചി: ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാന ജീവിതത്തിനുമാണു ബാറുകള്‍ അടച്ചുപൂട്ടുന്നതെന്നും നയപരമായ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെടരുതെന്നും സംസ്ഥാന സര്‍ക്കാര്‍. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ടാക്സസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ്. സുരേഷ്കുമാര്‍ ജസ്റീസ് കെ. സുരേന്ദ്രമോഹന്റെ ബെഞ്ചിലാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഘട്ടംഘട്ടമായി മദ്യം ഇല്ലാതാക്കുന്നതിനാണു ബാറുകള്‍ പൂട്ടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാന പ്രകാരമാണു തീരുമാനം. പൊതുജനാരോഗ്യവും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തിയാണു ഈ നയം. മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ കച്ചവടം മൌലികാവകാശമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന സ്റേറ്റ് ലിസ്റില്‍ ഉള്‍പ്പെട്ടതാണു മദ്യഉത്പാദനം, വിപണനം, കൈവശം വയ്ക്കല്‍ തുടങ്ങിയവ. സര്‍ക്കാരിനോ സര്‍ക്കാരിന്റെ എജന്‍സികള്‍ക്കോ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നിയമതടസമില്ല. ഇതില്‍ സര്‍ക്കാരിനു കുത്തകാവകാശം എടുക്കാനും അധികാരമുണ്ട്.

നയത്തിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്പനശാലകളും ഘട്ടംഘട്ടമായി ഒഴിവാക്കും.

ഒരോ വര്‍ഷവും പത്തു ശതമാനം ഔട്ട്ലെറ്റുകളെങ്കിലും പൂട്ടാനാണു ശ്രമിക്കുന്നത്. 10 വര്‍ഷംകൊണ്ടു സംസ്ഥാനത്തെ മദ്യവിമുക്തമാക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകള്‍ ഒറ്റയടിക്കു പൂട്ടുന്നതു പ്രായോഗികമല്ല.


പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കാലതാമസം നേരിട്ടതിനാലാണു ത്രീ സ്റാര്‍ പദവിക്കു മുകളിലുള്ള ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കിയത്. പുതിയ മദ്യനയത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു മാറ്റമുണ്ടാകും എന്നു വ്യക്തമാക്കിയാണു ലൈസന്‍സ് താത്കാലികമായി പുതുക്കികൊടുത്തത്.

പുതിയ മദ്യനയത്തില്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും അതിനുമുകളിലുള്ള ഹോട്ടലുകള്‍ക്കുമായി പരിമിതപ്പെടുത്തി. ഇതേത്തുടര്‍ന്നാണു ഫൈവ് സ്റാറിനു താഴെയുള്ള 312 ബാറുകള്‍ക്കു ലൈസന്‍സ് റദ്ദാക്കി നോട്ടീസ് നല്‍കിയത്. ടൂറിസം മേഖലയ്ക്കായി ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് കൊടുക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും 2003ലെ സുപ്രീം കോടതി ഉത്തരവും ഇക്കാര്യത്തില്‍ കണക്കിലെടുത്തു.

മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടിയതു കാരണം വ്യാജവാറ്റും വ്യാജമദ്യവും പ്രചരിക്കാന്‍ ഇടയാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ്, റവന്യൂ, എക്സൈസ് വിഭാഗങ്ങള്‍ സംയുക്തമായിട്ടാണു നടപടികള്‍ തുടങ്ങിയിട്ടുള്ളതെന്നും സത്യവാങ്മൂലം പറയുന്നു.

നിശ്ചിത നിലവാരം പുലര്‍ത്തുന്നില്ല എന്നു കണ്െടത്തി കഴിഞ്ഞ മാര്‍ച്ച് 31ന് ലൈസന്‍സ് പുതുക്കിനല്‍കാതിരുന്ന 418 ബാറുകളുടെ ഉടമകളും ഫൈവ് സ്റാറിനുമാത്രം ബാര്‍ ലൈസന്‍സ് മതിയെന്ന പുതിയ മദ്യനയത്തിലെ തീരുമാനപ്രകാരം അടച്ചുപൂട്ടല്‍ നോട്ടീസ് ലഭിച്ച 312 ബാറുകളുടെ ഉടമകളും സമര്‍പ്പിച്ച ഹര്‍ജികളാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.