പോലീസില്‍ 30 ശതമാനം വനിതകളെ നിയമിക്കും: രമേശ് ചെന്നിത്തല
പോലീസില്‍ 30 ശതമാനം വനിതകളെ നിയമിക്കും: രമേശ് ചെന്നിത്തല
Wednesday, September 17, 2014 12:25 AM IST
പീരുമേട്: പത്തു വര്‍ഷത്തിനുള്ളില്‍ കേരള പോലീസില്‍ 30 ശതമാനം വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ പോലീസുകാരേയും 20 കോടി രൂപയുടെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാനം ആംഡ് പോലീസ് ബറ്റാലിയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസിന്റെ ആംഡ് പോലീസും പോലീസ് ബറ്റാലിയനും തമ്മില്‍ നിലനിന്നിരുന്ന സീനിയോറിറ്റി പ്രശ്നം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിക്കാനായെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പിനു ഗ്രൌണ്ട് നിര്‍മിക്കാനായി മന്ത്രി അഞ്ചുകോടി രൂപ അനുവദിച്ചു. പത്തനംതിട്ട മണിയാറിലുള്ള ക്യാമ്പ് ആസ്ഥാനം കുട്ടിക്കാനത്തേയ്ക്കു മാറ്റുകയായിരുന്നു.


കേരളാ പോലീസിന്റെ അഞ്ചാമതു ബറ്റാലിയന്‍ ക്യാമ്പാണു കുട്ടിക്കാനത്ത് ആരംഭിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലേക്കു പോലീസുകാരെ റിക്രൂട്ട് ചെയ്യുന്നതിനും ഇടുക്കിയിലെ വൈദ്യുതി പദ്ധതികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് കേരളാ പോലീസിന്റെ അഞ്ചാമത് ബറ്റാലിയന്‍ ക്യാമ്പ് ആരംഭിച്ചത്. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു 3.25 കോടി രൂപ ചെലവായി. കുട്ടിക്കാനം എആര്‍ ക്യാമ്പില്‍ 1200 പോലീസുകാര്‍ക്കു താമസിക്കാനുള്ള സൌകര്യമാണുള്ളത്.

ചടങ്ങില്‍ ഡിജിപി എസ്. ബാലസുബ്രഹ്മണ്യം, ജോയിസ് ജോര്‍ജ് എംപി, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ഐജി കെ. പത്മകുമാര്‍, എഡിജിപി ബി. സന്ധ്യ, ഇടുക്കി ജില്ലാ പോലീസ് ചീഫ് അലക്സ് എം. വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.