ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ തത്കാലം നിര്‍ത്തലാക്കില്ല
Tuesday, September 16, 2014 11:55 PM IST
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമകള്‍ക്കു നല്‍കി വരുന്ന ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കണമെന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ ശിപാര്‍ശ തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. ശിപാര്‍ശക്കെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്. അതേസമയം വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ ശിപാര്‍ശ നടപ്പാക്കൂ എന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ഇതനുസരിച്ച് ഈ വര്‍ഷം മലയാള സിനിമകള്‍ക്കു പഴയതു പോലെ ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നല്‍കി പ്രതിഷേധമടക്കാനാണു ശ്രമിക്കുന്നത്. അതിനുശേഷം അടുത്ത മേളയ്ക്കു മുന്നോടിയായി ഒന്നുകില്‍ പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കുകയോ ഒരെണ്ണമാക്കി കുറയ്ക്കുകയോ ചെയ്യാനും ആലോചിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ജനറല്‍ കൌണ്‍സില്‍ യോഗം നാളെ നടക്കാനിരിക്കുകയാണ്. യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ മലയാളസിനിമയ്ക്കു പുരസ്കാരം നല്‍കേണ്ടതില്ലെന്ന ശിപാര്‍ശ നടപ്പാക്കിയതിനെക്കുറിച്ച് കൌണ്‍സിലിലെ അംഗങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്.

ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 19-ാമത് മേളയ്ക്കുള്ള നിബന്ധനയില്‍ മലയാള സിനിമകള്‍ക്കു നല്‍കുന്ന പുരസ്കാരങ്ങളെ സംബന്ധിച്ച ഭാഗം ഒഴിവാക്കിയിരിക്കുകയാണ്. ജനറല്‍ കൌണ്‍സിലിലും എക്സിക്യൂട്ടീവ് കൌണ്‍സിലിലും ചര്‍ച്ച ചെയ്യാതെ മലയാള സിനിമയെ തിരക്കിട്ടു തഴഞ്ഞതിനു പിന്നില്‍ ചിലരുടെ താത്പര്യങ്ങളുണ്െടന്നു ചില അംഗങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മേളയില്‍ മത്സരിക്കുമ്പോള്‍ മലയാളത്തിനു മാത്രമായി പുരസ്കാരം നല്‍കുന്നതു ശരിയല്ലെന്നായിരുന്നു അടൂര്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ചുരുക്കം മലയാള സിനിമകളാണു ഐഎഫ്എഫ്കെയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അവയ്ക്കു മാത്രം അവാര്‍ഡ് റിസര്‍വ് ചെയ്യുന്നതിനോടു യോജിപ്പില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ മേളയില്‍ അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ക്കു പിന്നീട് സംസ്ഥാന അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ വിവാദമാക്കുന്ന പ്രവണതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍ നിന്നു മലയാള സിനിമയെ ഒഴിവാക്കിയതിനെ എതിര്‍ത്തുകൊണ്ട് ആദ്യം രംഗത്തു വന്നതു സംവിധായകന്‍ ഡോ. ബിജുവാണ്. ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പ്രതിഷേധക്കുറിപ്പിലൂടെ അദ്ദേഹം തുടങ്ങിവച്ച ചര്‍ച്ച പിന്നീട് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സജീവമാകുകയായിരുന്നു. ഇതിനേ തുടര്‍ന്നാണു പുനരാലോചനയ്ക്കു സര്‍ക്കാര്‍ തയാറായിരിക്കുന്നത്.

ഈ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ 2007 മുതല്‍ അവ കിട്ടിയത് മലയാള സിനിമയിലെ പുതിയ ചെറുപ്പക്കാരുടെ സിനിമകള്‍ക്കാണ്. 2007ല്‍ ശ്യാമപ്രസാദിന്റെ ഒരേ കടല്‍, 2008ല്‍ എം.ജി. ശശിയുടെ അടയാളങ്ങള്‍, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, 2009ല്‍ കേരള കഫെ, പത്താം നിലയിലെ തീവണ്ടി, 2010ല്‍ വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്, 2011ല്‍ സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു, 2012ല്‍ ഗോപിനാഥിന്റെ ഇത്രമാത്രം, 2013ല്‍ കെ.ആര്‍. മനോജിന്റെ കന്യക ടാക്കീസ്, സുദേവന്റെ ക്രെെം നമ്പര്‍ 89.

പുരസ്കാരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സിനിമയ്ക്കും സംവിധായകനും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. കൂടുതല്‍ ചലച്ചിത്ര മേളകളിലേക്കു ക്ഷണിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഈ പുരസ്കാരങ്ങള്‍. സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമ്മാനമായി നല്‍കുന്നതെങ്കിലും പുരസ്കാരങ്ങള്‍ക്ക് അന്താരാഷ്ട്ര സിനിമാ സമൂഹത്തില്‍ വലിയ മൂല്യമാണുള്ളത്. ഫിപ്രെസി, നെറ്റ്പാക് അംഗങ്ങളായ അന്തര്‍ദേശീയ ജൂറിയാണു പുരസ്കാരം നിര്‍ണയിക്കുന്നതെന്നതും ഇതിനു പ്രാധാന്യം കൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.