ബിജെപി പ്രചാരണ ജാഥകള്‍ 23നു തുടങ്ങും
Tuesday, September 16, 2014 12:35 AM IST
കോഴിക്കോട്: കണ്ണൂര്‍ കതിരൂരിലെ ആര്‍എസ്എസ് നേതാവ് കെ. മനോജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി പ്രചാരണ ജാഥകള്‍ക്കൊരുങ്ങുന്നു. കണ്ണൂരിലെ ആക്രമണങ്ങള്‍ക്കെതിരെ 23, 24, 25 തീയതികളിലായാണ് പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ജാഥ നടത്തുക.

സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഉദുമയില്‍ നിന്നും, മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നിന്നും ജാഥ ആരംഭിക്കും. ഇരു ജാഥകളുടെയും സമാപനം കണ്ണൂരിലാണ്. പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് 27നു കതിരൂരില്‍ മനോജിന്റെ വീടുസന്ദര്‍ശിക്കാനെത്തുന്നുണ്ട്. മനോജ് വധം ദേശീയ തലത്തിലുള്‍പ്പെടെ സജീവ രാഷ്ട്രീയ ചര്‍ച്ചയാക്കി നിലനിര്‍ത്താന്‍ ബിജെപി നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സിപിഎമ്മിനെതിരായ ശക്തമായ പ്രചാരണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.