മനോജ് വധം: പ്രത്യേക സിബിഐ സംഘം വന്നേക്കും
Tuesday, September 16, 2014 11:46 PM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ നേതാവ് കെ. മനോജിന്റെ കൊലപാതകക്കേസ് അന്വേഷണം അടുത്ത വാരം ആദ്യം സിബിഐ ഏറ്റെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സിബിഐക്കു വിട്ടു വിജ്ഞാപനമിറക്കിയ സാഹചര്യത്തില്‍ കേന്ദ്രാനുമതി മാത്രമാണ് ഇനി വേണ്ടത്. ഈ മാസം 20ന് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണു നിലവില്‍ ലഭിക്കുന്ന സൂചന. കേരളത്തിലെ സിബിഐ യൂണിറ്റുകളെ ഒഴിവാക്കി പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിക്കുമെന്നുമറിയുന്നു.

സംസ്ഥാനത്തുനിന്നു കൈമാറി ലഭിക്കുന്ന കേസുകള്‍ സിബിഐയുടെ തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളാണു സാധാരണ നിലയില്‍ അന്വേഷിക്കാറുള്ളത്. മലയാളി ഉദ്യോഗസ്ഥരാണ് ഈ യൂണിറ്റുകളില്‍ കൂടുതലും. കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസായ മനോജ് വധത്തെക്കുറിച്ചു മലയാളികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നതു ഫലപ്രദമാകില്ലെന്ന നിഗമനത്തിലാണു ബിജെപി കേന്ദ്ര നേതൃത്വം. കേസ് അന്വേഷിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സമ്മര്‍ദവും ഭീഷണിയും സംബന്ധിച്ചു കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്രനേതാക്കളെ ധരിപ്പിച്ചിട്ടുമുണ്ട്.

കണ്ണൂരിലെ സിപിഎം നേതാക്കള്‍ പ്രതികളായ ഷുക്കൂര്‍ വധക്കേസും സിബിഐയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാനാകും. അതേസമയം സിബിഐ ഏറ്റെടുക്കുന്നതുവരെ ഫലപ്രദമായി അന്വേഷണം തുടരാനാണു നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനുള്ള നിര്‍ദേശം. നിര്‍ണായകമായ കണ്െടത്തലുകള്‍ ക്രൈംബ്രാഞ്ച് നടത്തിയിട്ടുമുണ്ട്.

കേസ് അന്വേഷണം മുന്നോട്ടു പോകുന്തോറും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലേക്കു നീങ്ങേണ്ട സ്ഥിതിയിലാണ്. കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമന് ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധം കൊലയില്‍ പങ്കില്ലെന്ന നേതൃത്വത്തിന്റെ വിശദീകരണങ്ങളെ അവിശ്വസനീയമാക്കുന്നു. 16 വര്‍ഷം മുമ്പു സിപിഎം പ്രവര്‍ത്തകന്‍ സുരേന്ദ്രനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലം താന്‍ തനിച്ച് ആസൂത്രണം ചെയ്തതാണു മനോജിന്റെ കൊലപാതകമെന്ന വിക്രമന്റെ കുറ്റസമ്മതവും ഒട്ടും വിശ്വസനീയമല്ല.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനുനേരേ നടന്ന വധശ്രമക്കേസിലെ പ്രതി കൂടിയാണു കൊല്ലപ്പെട്ട മനോജ്. സിപിഎമ്മിന്റെ ഹിറ്റ് ലിസ്റില്‍പ്പെട്ട മനോജ് വധിക്കപ്പെട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം കരുതുന്നു. സിബിഐ അന്വേഷണം തീര്‍ച്ചയായും കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും നീളും. ഉന്നത നേതാക്കള്‍ വരെ ചോദ്യംചെയ്യലിനു വിധേയരാകും. വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റുമുണ്ടാകും. തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ അറസ്റ് ചെയ്തിരുന്നു.

അതിനിടെ, കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതിനാല്‍ സിബിഐ അന്വേഷണത്തിന്റെ പേരില്‍ പകപോക്കലുണ്ടാകുമെന്ന ഭയവും സിപിഎം നേതാക്കള്‍ക്കുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഇരുപതോളം പ്രാദേശിക നേതാക്കള്‍ക്കു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മനോജ് വധക്കേസിന്റെ പേരില്‍ പാര്‍ട്ടിയെ എതിരാളികള്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന വിശദീകരണവുമായി ജില്ലയില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിലാണു സിപിഎം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.