തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ഏറ്റെടുത്ത സ്കൂളുകളിലെ നിയമനത്തിനു പുതിയ മാനദണ്ഡം
Tuesday, September 16, 2014 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത സ്കൂളുകളിലെ അധ്യാപകരുടെ സീനിയോരിറ്റി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

അധ്യാപക, അനധ്യാപക ജീവനക്കാരുടെ സീനിയോരിറ്റി, സ്ഥലം മാറ്റം, ഗ്രേഡ് ഉള്‍പ്പെടെയുള്ളവ നിശ്ചയിക്കുന്നതിലാണു ഭേദഗതി വരുത്തിയിട്ടുള്ളത്. അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടു 2012 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഹെഡ്മാസ്റര്‍, പ്രിന്‍സിപ്പല്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തുടര്‍ന്നാണു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ജീവനക്കാര്‍ക്കുകൂടി ബാധകമാക്കി പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ മാനദണ്ഡമനുസരിച്ച് ഒരു ജില്ലയ്ക്കുള്ളില്‍ ത്രിതല പഞ്ചായത്തിന്റെ അധീനതയില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്കൂളുകളെ കോമണ്‍പൂളായി നിലനിര്‍ത്തണം. പിഎസ്സി മുഖേനയല്ലാതെ പഞ്ചായത്ത്, മുനിസിപ്പല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ സീനിയോരിറ്റി അവര്‍ സര്‍വീസില്‍ പ്രവേശിച്ച ദിവസം മുതല്‍ കണക്കാക്കി കോമണ്‍പൂളിനായി പ്രത്യേക സീനിയോരിറ്റി തയാറാക്കണം. കോമണ്‍പൂളിനുള്ളിലെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍, പൂളിനു പുറത്തു സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയില്‍ പിഎസ്സി വഴി നേരിട്ടു നിയമനം ലഭിച്ചവരെ അഡ്വൈസ് തീയതി മുതല്‍ സീനിയോരിറ്റി നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. പിഎസ്സി മുഖേന നിയമനം ലഭിച്ച അധ്യാപകരുടെ റഗുലറൈസേഷന്റെയും പ്രൊബേഷന്‍ പ്രഖ്യാപിക്കലിന്റെയും ചുമതല ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടു നിയമിച്ച ജീവനക്കാരെ 2010 ജനുവരി രണ്ടുമുതല്‍ മാത്രം സീനിയോരിറ്റി കണക്കാക്കുമെന്ന ഉപാധിയിന്‍മേല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താം. നിശ്ചിത തിയതിക്കകം ഓപ്ഷനുകള്‍ നല്‍കാത്തവരെ കോമണ്‍പൂളില്‍ ഉള്‍പ്പെടുത്തും.


പഞ്ചായത്ത് വകുപ്പിനു കീഴിലുള്ള എല്‍പി, യുപി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ഒഴിവുകള്‍ നികത്തേണ്ടതു ജില്ലാതല കോമണ്‍പൂള്‍ അധ്യാപകരുടെ സീനിയോരിറ്റി ലിസ്റില്‍ നിന്നു മാത്രമായിരിക്കണം. പഞ്ചായത്ത് ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ തസ്തികയിലെ ഒഴിവുകളും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക, പ്രിന്‍സിപ്പല്‍ തസ്തികയിലെ ഒഴിവുകളും നികത്തേണ്ടത് അധ്യാപകരുടെ സംസ്ഥാനതല കോമണ്‍പൂള്‍ സീനിയോരിറ്റി ലിസ്റില്‍ നിന്നാവണം. കോമണ്‍പൂളില്‍നിന്നു പ്രമോഷനു യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ അധ്യാപകരുടെ സീനിയോരിറ്റി ലിസ്റില്‍നിന്നു നിയമനം നടത്താവൂ.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ജില്ലാതല സീനിയോരിറ്റി ലിസ്റ് തയാറാക്കേണ്ടത് അതതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരും സംസ്ഥാനതല സീനിയോരിറ്റി ലിസ്റ് തയാറാക്കേണ്ടതു പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക, പ്രിന്‍സിപ്പല്‍ തസ്തികകളുടെ സീനിയോറിറ്റി ലിസ്റ് തയാറാക്കേണ്ടതു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമാണെന്നും ഭേദഗതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.