വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സിപിഎം നേതാവ് അറസ്റില്‍
Tuesday, September 16, 2014 11:36 PM IST
തലശേരി: ആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതിനു സിപിഎം പ്രാദേശിക നേതാവിനെ അറസ്റ് ചെയ്തു.

സിപിഎം നിയന്ത്രണത്തിലുള്ള പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായ ഈസ്റ് കതിരൂരിലെ കീര്‍ത്തന ഹൌസില്‍ സി. പ്രകാശനാണ് (51) അറസ്റിലായത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവരികയാണ് പ്രകാശന്‍.

കൊലപാതകത്തിനു ശേഷം വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും കൊലയുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇയാളെ അറസ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകാശനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അതേസമയം, കൊലയില്‍ നേരിട്ടു പങ്കെടുത്ത ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകാശനെക്കുറിച്ചും മറ്റ് ആറു പ്രതികളെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. കൊപാതകം സംബന്ധിച്ച യഥാര്‍ഥ ചിത്രവും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പിടികിട്ടാനുള്ള പ്രതികള്‍ക്കുവേണ്ടി വ്യാപകമായ റെയ്ഡ് നടന്നുവരികയാണ്. അടുത്തദിവസങ്ങളില്‍ തന്നെ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാനായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കുകൂടി ക്രൈംബ്രാഞ്ച്സംഘം നോട്ടീസ് നല്‍കി. നേരത്തേ എട്ടോളം പേര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ മിക്കവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. ഇവര്‍ക്കു പുറമേയാണു കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.


വിക്രമന്‍ നല്‍കുന്ന മൊഴികളില്‍ പറയുന്നവരെ വിക്രമന് അഭിമുഖമായിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ആദ്യം നല്‍കിയ മൊഴികള്‍ മാറ്റിപ്പറയാന്‍ ഇതുമൂലം വിക്രമന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. ആരോ പഠിപ്പിച്ചതുപോലെയായിരുന്നു വിക്രമന്റെ ആദ്യമൊഴികളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ യഥാര്‍ഥ പ്രതികളെ കോടതിയില്‍ ഹാജരാക്കി അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കാനാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.

അടുത്ത നാളില്‍ നമോവിചാര്‍ മഞ്ചില്‍നിന്ന് സിപിഎമ്മില്‍ ചേര്‍ന്ന പ്രമുഖരടക്കം ചിലരെയും ചോദ്യംചെയ്തേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ വിക്രമനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിക്രമന്റെ ഭാര്യയും അഭിഭാഷകനായ കെ. വിശ്വനും ഇന്നു കോടതിയില്‍ ഹര്‍ജിനല്‍കും.

തിരിച്ചറിഞ്ഞ പ്രതികള്‍ക്കുവേണ്ടി ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണു റെയ്ഡ് നടത്തിവരുന്നത്. വിക്രമന്റെ മൊഴിയില്‍ പറഞ്ഞവരുടെ വീടുകളില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. കതിരൂര്‍, പാനൂര്‍ മേഖലകളിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.