മുഖപ്രസംഗം: നിരത്ത് അപകടരഹിതമാക്കാന്‍ നിയമം കര്‍ശനമാക്കണം
Tuesday, September 16, 2014 11:02 PM IST
അതിദാരുണമായ അപകടങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് റോഡ് സുരക്ഷാ നിയമങ്ങളും ഗതാഗതനിയമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ഇതിനുള്ള വിപുലമായൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. പരിഷ്കരിച്ച റോഡ് സുരക്ഷാ ഗതാഗത ബില്ലിന്റെ കരടുരൂപം തയാറായി. ഇതു സംബന്ധിച്ചു പൊതുജനങ്ങളില്‍നിന്നു നിര്‍ദേശങ്ങളും ആക്ഷേപങ്ങളും സ്വീകരിച്ചശേഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു നീക്കം. നിലവിലുള്ള പല റോഡ് സുരക്ഷാ നിയമങ്ങളും കര്‍ശനമല്ലെന്ന അഭിപ്രായം നേരത്തേതന്നെ ഉയര്‍ന്നിരുന്നു. ആളപായമുണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നവര്‍പോലും ചെറിയ പിഴ ഏറ്റുവാങ്ങി വീണ്ടും നിരത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്നതു സാധാരണമാണ്. വാഹനമോടിക്കുന്നവര്‍, കാല്‍നടക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും ഉത്തരവാദിത്വത്തോടെ പെരുമാറാനുള്ള പ്രേരണയാണു പുതിയ നിയമനിര്‍മാണത്തിലൂടെ സാധിക്കേണ്ടത്.

ട്രാഫിക് ഉദ്യോഗസ്ഥരും നിയമപാലകരും എത്ര ശ്രമിച്ചാലും പൊതുജനങ്ങളുടെകൂടി പിന്തുണയും സഹകരണവും ഉണ്െടങ്കിലേ ഇത്തരം നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാവൂ. ട്രാഫിക് നിയമങ്ങള്‍ ചിലപ്പോഴെങ്കിലും സാധാരണക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതാണെന്നും പരാതി ഉയരാറുണ്ട്. വാഹനപരിശോധനയിലൂടെയും മറ്റും ട്രാഫിക് നിയമലംഘനങ്ങളുടെ നിശ്ചിത കേസുകള്‍ പിടിക്കണമെന്നു നിര്‍ദേശിക്കുന്ന ചില മേലധികാരികളുണ്ട്. ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ ചെന്നുപെടുന്നവര്‍ പിഴയടയ്ക്കേണ്ടിവരുന്നു. അതിലും ഗുരുതരമായ നിയമലംഘനങ്ങള്‍ ചുറ്റുവട്ടത്തു നടക്കുമ്പോഴാകും ഇത്തരം ചട്ടപ്പടി പരിശോധനയും പിഴചുമത്തലും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരും ഹെല്‍മറ്റ് വയ്ക്കാത്തവരുമൊക്കെ പിഴ കൊടുത്ത് സ്ഥലം വിടും. നിലവില്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കു ചെറിയ പിഴയാണ് ഈടാക്കുന്നത്. നിര്‍ദിഷ്ട റോഡ് സുരക്ഷാ ഗതാഗത നിയമത്തില്‍ തടവും പിഴയും കുത്തനെ കൂട്ടാനാണു ശിപാര്‍ശ. അതുകൊണ്ടുമാത്രം അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനാവുമോ എന്നു സന്ദേഹിക്കുന്നവരുമുണ്ട്.

വാഹനമോടിക്കുന്നവരായാലും വഴിനടക്കുന്നവരായാലും പൊതുനിരത്തില്‍ സാമാന്യ മര്യാദ പാലിക്കുന്നതില്‍ പലപ്പോഴും വിമുഖത കാട്ടുന്നവരാണു മലയാളികള്‍. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയാവണം തന്റെ യാത്ര എന്നതിനു പകരം മറ്റുള്ളവര്‍ക്ക് എന്ത് അസൌകര്യമുണ്ടായാലും വേണ്ടില്ല, തനിക്കു സുഗമമായി യാത്രചെയ്യണം എന്നതാണ് ഒട്ടുമിക്ക മലയാളി യാത്രക്കാരുടെയും മനോഗതം. വാഹനാപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. അതുകൊണ്ടുതന്നെ പുതിയ കേന്ദ്രനിയമത്തിന്റെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങളില്‍നിന്നു നിര്‍ദേശങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന വേളയില്‍ വ്യക്തമായ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുവാന്‍ ശ്രമിക്കണം.


രാജ്യത്തു പ്രതിവര്‍ഷം അഞ്ചുലക്ഷം അപകടങ്ങള്‍ നടക്കുന്നുവെന്നാണു കണക്ക്. ഇതില്‍ ഒന്നര ലക്ഷത്തോളം പേര്‍ മരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഈ നിരക്കില്‍ ഗണ്യമായ കുറവു വരുത്തുക എന്നതാണു പുതിയ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ കുറഞ്ഞൊരു കാലംകൊണ്ടു ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. കേരളത്തിലും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധനയ്ക്ക് ആനുപാതികമായി ഇവിടെ റോഡ് സൌകര്യം വര്‍ധിച്ചിട്ടില്ല. മാത്രമല്ല, റോഡ് ഗതാഗതം കൂടുതല്‍ ദുര്‍ഘടവും അപകടകരവുമായി മാറുകയും ചെയ്തിരിക്കുന്നു.

മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കു കൂടുതല്‍ കര്‍ശനമായ ശിക്ഷയ്ക്കുള്ള നിര്‍ദേശങ്ങളാണു പുതിയ റോഡ് സുരക്ഷാനിയമത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളിലും കടുത്ത ശിക്ഷ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നതിനു പിടിക്കപ്പെട്ടാല്‍ ആദ്യതവണ ഇരുപത്തയ്യായിരം രൂപയോ മൂന്നു മാസം തടവോ പിഴയായി ഈടാക്കാനാണു നിര്‍ദേശം. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതേ കുറ്റത്തിനു വീണ്ടും പിടിക്കപ്പെട്ടാല്‍ അമ്പതിനായിരം രൂപ പിഴയോ ഒരു വര്‍ഷം തടവോ രണ്ടുംകൂടിയോ ലഭിച്ചേക്കാം. മാത്രമല്ല ഒരു വര്‍ഷത്തേക്കു ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരില്‍നിന്നു പിഴ ചുമത്താന്‍ കോഴിക്കോട് സിറ്റി പോലീസ് കഴിഞ്ഞദിവസം പരിശോധന ആരംഭിച്ചിരുന്നു. ഇത്തരം പരിശോധനകള്‍ നിയമസാധുതയോടെ എല്ലായിടങ്ങളിലും ഏര്‍പ്പെടുത്തണം. ദേശീയ റോഡ് സുരക്ഷാ നിയമത്തില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനു നിയമനിര്‍മാണസഭയുടെ അംഗീകാരംകൂടി ലഭിക്കുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കാന്‍ സാധിക്കും. അടിസ്ഥാനപരമായ പൌരബോധമില്ലായ്മയും അനവധാനതയും പല അപകടങ്ങള്‍ക്കും വഴിതെളിക്കുന്നുണ്ട്. സ്വന്തം സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷകൂടി അപകടത്തില്‍പ്പെടുത്താന്‍ കാരണമാണ് ഇത്തരം അനവധാനതകള്‍.

വാഹനങ്ങളുടെ ഡിസൈന്‍ നവീകരണത്തിന്റെ മേല്‍നോട്ടം, ലൈസന്‍സിലെ തിരിമറികള്‍, അപകടത്തില്‍ പെടുന്നവര്‍ക്ക് സത്വര മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനുള്ള സൌകര്യമേര്‍പ്പെടുത്തല്‍, ട്രാഫിക് സിഗ്നലുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചുള്ള നിരന്തര നിരീക്ഷണം തുടങ്ങി വിപുലമായ മേഖലകളെക്കുറിച്ചു പുതിയ റോഡ് സുരക്ഷാ ഗതാഗത നിയമം പ്രതിപാദിക്കുന്നുണ്ട്. റോഡ് ഗതാഗതവും സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമുണ്ട്. വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് വിപുലവും ഫലപ്രദവുമായ ഒരു റോഡ് സുരക്ഷാ നിയമം നടപ്പാക്കാനാവട്ടെ. രാജ്യത്തെ പൊതുനിരത്തില്‍ പിടഞ്ഞുവീഴുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.