ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പദ്ധതി
Monday, September 15, 2014 12:13 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു പുതിയ പദ്ധതി തയാറാകുന്നു. സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളീന്‍ കേരളയിലൂടെയാണ് ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം ആദ്യം കൊച്ചിയില്‍ നടക്കും.

പാലക്കാടുള്ള ഒരു കമ്പനിയുമായി സഹകരിച്ചാണ് ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തില്‍ നിന്നുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും. മാലിന്യം ശേഖരിക്കുന്നതോടൊപ്പം ഒരു നിശ്ചിത തുകയും ഉടമകള്‍ക്കു നല്‍കുന്നതാണു പദ്ധതി. ഇതിനായി കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് 50 സെന്റ് സ്ഥലം ക്ളീന്‍ കേരള കമ്പനിക്ക് നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്.

ഇവിടെയായിരിക്കും ഏറ്റെടുക്കുന്ന മാലിന്യം ശേഖരിച്ചു വ യ്ക്കുക. പിന്നീട് ഇവിടെ നിന്ന് ഇവബാംഗളൂരിലെ സംസ്കരണ പ്ളാന്റിലേക്കു കൊണ്ടുപോകും. അവിടെയായിരിക്കും സംസ്കരണം നടക്കുക.

ഇ-മാലിന്യ സംസ്കരണത്തിനു ക്ളീന്‍കേരള താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ നാലു കമ്പനികളാണു മുന്നോട്ടുവന്നത്. ഇതില്‍ ഒരു കമ്പനിമാത്രമാണു ബിഡ് സമര്‍പ്പിച്ചത്. പാലക്കാടുള്ള എര്‍ത്ത് സെന്‍സ് റീസൈക്ളേഴ്സ് എന്ന കമ്പനിയാണ് ഇതനുസരിച്ച് പ്രാഥമിക യോഗ്യത നേടിയത്. ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് ക്ളീന്‍ കേരള മുന്നോട്ടുവച്ചത്. കമ്പനികള്‍ക്കു സംസ്കരണ പ്ളാന്റ് ഉണ്ടായിരിക്കണമെന്നും മാലിന്യം ഏറ്റെടുക്കുമ്പോള്‍ കിലോയ്ക്ക് ഒരു നിശ്ചിത തുക നല്‍കി വാങ്ങിക്കണമെന്നതായിരുന്നു അത്.


സിഎഫ്എല്‍, ട്യൂബ് ലൈറ്റ് എന്നിവയും ഇതോടൊപ്പം എടുക്കണമെന്ന നിര്‍ദേശവും ക്ളീന്‍കേരള നല്‍കിയിരുന്നു. ഇതു നടപ്പാക്കാമെന്നാണ് ഈ കമ്പനി അറിയിച്ചിരിക്കുന്നത്.

കരാര്‍ പൂര്‍ത്തിയായാല്‍ കൊച്ചി നഗരസഭയുടെ സഹകരണത്തോ ടെ ആദ്യത്തെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. കമ്പനി തുടങ്ങുന്നതിനുള്ള മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നു കൊ ണ്ടുപോകുന്ന ഇ-മാലിന്യങ്ങള്‍ സംസ്കരിച്ചതായുള്ള ഡിസ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റെടുക്കുന്ന കമ്പനി ക്ളീന്‍കേരളയ്ക്കു നല്‍കുകയും ഇവ നഗരസഭകള്‍ക്കു കൈമാറുകയും ചെയ്യും.

എല്ലാ നഗരസഭകളും ഇ- മാലിന്യങ്ങള്‍ ശേഖരിച്ചാല്‍ അതു കൊച്ചിയിലെ പ്ളാന്റുകളില്‍ എത്തിക്കുന്നതിനു ക്ളീന്‍ കേരള തന്നെ മുന്‍കൈയെടുക്കും. ആദ്യം കൊച്ചിയില്‍ ആരംഭിക്കുന്ന കമ്പനി പിന്നീട് അഞ്ച് നഗരസഭകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണു പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.