ആശങ്കകള്‍ക്കു വിരാമമിട്ട് കാഷ്മീരില്‍നിന്നു സുഹറബീവിയുടെ വിളിയെത്തി
Monday, September 15, 2014 12:26 AM IST
കാക്കനാട്: കാഷ്മീരിലേക്കു പോയ വീട്ടമ്മ സുഹറബീവിയെക്കുറിച്ചു പത്തു ദിവസത്തെ കാത്തിരിപ്പിനുശേഷം വിവരം ലഭിച്ചതായി ഭര്‍ത്താവ് മുഹമ്മദ് റാഫി പറഞ്ഞു. ഇന്നലെ രാവിലെ സുഹറബീവി കൊച്ചിയിലെ വീട്ടിലേക്കു ഫോണ്‍ വഴി സംസാരിച്ചെന്നു അദ്ദേഹം അറിയിച്ചു.

കാഷ്മീരിലെ ലാല്‍ ബസാറിലെ ഒരു വീട്ടിലാണിപ്പോഴെന്നും വെള്ളപ്പൊക്കമാണെന്നും സുഖമായിരിക്കുന്നെന്നുമാണു സുഹറബീവി ഭര്‍ത്താവിനോടു പറഞ്ഞത്. പ്രളയത്തില്‍നിന്നു രക്ഷപ്പെടാന്‍ നിരവധി പേരാണ് എയര്‍പോര്‍ട്ടില്‍ തമ്പടിച്ചിട്ടുള്ളത്. എപ്പോള്‍ കേരളത്തിലെത്താന്‍ കഴിയുമെന്നു പറയാന്‍ കഴിയില്ലെന്നും സുഹറബീവി ഭര്‍ത്താവിനെ അറിയിച്ചു.

മുഹമ്മദ് റാഫിയുടെ കൊച്ചിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാഷ്മീരി കുടുംബത്തോടൊപ്പം കഴിഞ്ഞ 30നാണ് സുഹറബീവി പോയത്. കാഷ്മീരിലെ ബെമിന സ്വദേശി അബ്ദുള്‍ മജീദ്, ഭാര്യ ഫാത്തിമ എന്നിവരോടൊപ്പം അവരുടെ കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പോയത്. കൊച്ചിയില്‍നിന്നു വിമാനമാര്‍ഗം കാഷ്മീരില്‍ എത്തിയശേഷമാണ് അവിടെ പ്രളയം ഉണ്ടായത്. കഴിഞ്ഞ അഞ്ചിനുശേഷം കൊച്ചിയിലെ വീട്ടിലേക്കു സുഹറബീവിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മുഹമ്മദ് റാഫിയും വിദേശത്തുള്ള മക്കളും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തതിനാല്‍ അങ്കലാപ്പിലായിരുന്നു.


ഇതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹി കേരള ഹൌസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിനെ വിളിച്ചു സുഹറബീവിയെ കാഷ്മീരില്‍ കാണാതായ വിവരം അറിയിച്ചിരുന്നു. അവരുടെ അന്വേഷണത്തിനിടയിലാണ് ഇന്നലെ സുഹറബീവിയുടെ ഫോണ്‍ കൊച്ചിയിലെ വീട്ടിലെത്തിയത്. എല്ലാവര്‍ക്കും ആശ്വാസമായതായി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനിലെ ചീഫ് റവന്യു ഓഫീസറായ മുഹമ്മദ് റാഫി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.