കരിമ്പട്ടികയില്‍പ്പെട്ട റിക്രൂട്ടിംഗ് ഏജന്‍സി സമ്മര്‍ദം ശക്തമാക്കി
Monday, September 15, 2014 12:23 AM IST
ഏറ്റുമാനൂര്‍: കരിമ്പട്ടികയില്‍പ്പെട്ട റിക്രൂട്ടിംഗ് ഏജന്‍സി കുവൈറ്റില്‍ മലയാളി നഴ്സുമാരെ തടങ്കലില്‍ വച്ചിരിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഏജന്‍സി നഴ്സുമാരുടെ മേല്‍ സമ്മര്‍ദം ശക്തമാക്കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഏജന്‍സിയുമായുള്ള ഇടപാടുകളില്‍ തങ്ങള്‍ സംതൃപ്തരാണെന്നും ഏജന്‍സി അധികൃതര്‍ ഇന്നലെ നഴ്സുമാരില്‍ സമ്മര്‍ദം ചെലുത്തി എഴുതിവാങ്ങി. കരിമ്പട്ടികയില്‍പ്പെട്ടിരിക്കുന്ന ഏജന്‍സി നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നു കരുതുന്നു.

ഏജന്‍സി പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കിടപ്പാടം വിറ്റും ബ്ളേഡ്പലിശയ്ക്ക് കടമെടുത്തും പണം നല്‍കി നേടിയ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു നഴ്സുമാര്‍. ഏജന്‍സിക്കെതിരേ പരാതിപ്പെട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തോര്‍ത്ത് ബന്ധുക്കളോടുപോലും വിവരം പറയാതിരിക്കുകയായിരുന്നു നഴ്സുമാര്‍. ഇതിനിടെ ഒരു നഴ്സിന്റെ ബന്ധു സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരോട് വിവരം പറയുകയും അങ്ങനെ ദീപികയടക്കം ചില പത്രങ്ങളില്‍ വാര്‍ത്ത വരികയുമായിരുന്നു. എന്നാല്‍ ഇദ്ദേഹംപോലും പരസ്യമായി രംഗത്തുവരാന്‍ ഭയക്കുകയാണ്.

അതേസമയം മൂന്നുദിവസമായി പത്രങ്ങളില്‍ വാര്‍ത്ത വരുമ്പോഴും ഒരാള്‍ മാത്രം പരാതിയുമായി രംഗത്തുവന്നത് അധികൃതരില്‍ സംശയമുണ്ടാക്കിയിരുന്നു. ഇന്നലെ ഒന്നിലേറെ നഴ്സുമാര്‍ കുവൈറ്റില്‍നിന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫിനെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ട്.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോസ് കെ.മാണി എംപി, വനിതാകമ്മീഷനംഗം ഡോ.ലിസി ജോസ്, കെപിസിസി സെക്രട്ടറി ലതികാ സുഭാഷ് എന്നിവരുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ട്. ഇതിനിടെ, ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയമാണെന്നും മന്ത്രിയുടെയും എംപിയുടെയും നിര്‍ദേശപ്രകാരം ഇന്ന് പരാതി മെയില്‍ചെയ്യുമെന്ന് ഒരു നഴ്സിന്റെ ബന്ധു അറിയിച്ചു.

ഏജന്‍സി നടത്തിയതു വന്‍ ചൂഷണം

ശമ്പളത്തിന്റെ കാര്യത്തില്‍ റിക്രൂട്ടിംഗ് ഏജന്‍സി നടത്തിയ വന്‍ചൂഷണം നഴ്സുമാര്‍ അറിഞ്ഞത് ഇന്ത്യന്‍ എംബസിയില്‍നിന്ന്. ഏജന്‍സിയും എംബസിയുമായുള്ള കരാറില്‍ നഴ്സുമാരുടെ ശമ്പളം 350 കുവൈറ്റ് ദിനാറാണ്. എന്നാല്‍ നഴ്സുമാര്‍ക്ക് ഏജന്‍സി നല്‍കുന്നത് 225 ദിനാര്‍ മാത്രം. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ ഏജന്‍സിക്കു നല്‍കുന്നതാകട്ടെ 525 ദിനാറാണ്. മിനിസ്ട്രി നല്‍കുന്ന തുകയുടെ 40 ശതമാനം മാത്രമാണ് ലക്ഷങ്ങള്‍ മുടക്കി ജോലി സമ്പാദിച്ച നഴ്സുമാരുടെ കൈകളിലെത്തുന്നത്.

മിനിസ്ട്രി ഓഫ് ഹെല്‍ത്തിനുവേണ്ടി ഇതേ ഏജന്‍സി റിക്രൂട്ട് ചെയ്ത നഴ്സുമാര്‍ക്കും ഏജന്‍സി ഇതുപോലെ തീര്‍ത്തും കുറഞ്ഞ തുകയാണ് നല്‍കിയിരുന്നത്. ഇതിനെതിരേ ഒരുവര്‍ഷംമുമ്പ് നഴ്സുമാര്‍ പണിമുടക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.