സിപിഎം അണികളെ ലക്ഷ്യമിട്ടു ബിജെപി മേഖലാ ജാഥകള്‍
Monday, September 15, 2014 12:20 AM IST
കണ്ണൂര്‍: സിപിഎമ്മിനെതിരേയുള്ള ജനവികാരം മുതലെടുക്കാനായി ബിജെപി വടക്കന്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കുന്നു. കതിരൂരിലെ ആര്‍എസ്എസ് നേതാവ് കെ. മനോജിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനും നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചു മാനസികമായി അകന്നു നില്ക്കുന്ന സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുമാണു ബിജെപി വടക്കന്‍ മേഖലയില്‍ മാത്രമായി ജാഥകള്‍ സംഘടിപ്പിക്കുന്നത്.

ജാഥ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഇന്നു കോഴിക്കോടു ചേരുന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിലുണ്ടാകും. പ്രധാന നേതാക്കളായിരിക്കും ജാഥ നയിക്കുക.

കാസര്‍ഗോട്ടുനിന്ന് ആരംഭിക്കുന്ന ജാഥയുടെ ലീഡറായി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയും ജാഥയുടെ നായകനായി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസിനെയും നിയോഗിക്കാനാണ് ആലോചന. ഇന്നു ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കും. ഈ മാസം 25ന് കണ്ണൂരില്‍ സമാപിക്കുന്ന വിധത്തിലാണു ജാഥ ആസൂത്രണം ചെയ്യുന്നത്. സമാപന സമ്മേളനത്തില്‍ ബിജെപിയുടെ പ്രമുഖ ദേശീയ നേതാക്കള്‍ പങ്കെടുക്കും. മനോജ്വധം സംസ്ഥാനതലത്തിലും ദേശീയതലത്തിലും രാഷ്ട്രീയ ആയുധമായി സിപിഎമ്മിനെതിരേ ഉപയോഗിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ജാഥ.


വടക്കന്‍ മേഖലയിലെ പ്രധാന നിയോജക മണ്ഡലങ്ങളും സിപിഎം ശക്തി കേന്ദ്രങ്ങളും കേന്ദ്രീകരിച്ചായിരിക്കും ജാഥ കടന്നുപോകുക. മനോജ് വധത്തെ തുടര്‍ന്നു സിപിഎം- ബിജെപി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൂടെ ബിജെപിയുടെ ജാഥ കടന്നു പോവുന്നതു പോലീസിനു വീണ്ടും തലവേദന സൃഷ്ടിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.