മുഖപ്രസംഗം: കളങ്കിതമാകാത്ത നീതിപീഠം ജനാധിപത്യത്തിന്റെ കരുത്ത്
Monday, September 15, 2014 11:04 PM IST
നീതിപീഠത്തിന്റെ സ്വാതന്ത്യ്രത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്യ്രം പരമപ്രധാനമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റീസ് ആര്‍.എം. ലോധ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ ആര്‍ക്കും അതിനോടു താത്ത്വികമായി എതിര്‍പ്പുണ്ടാവില്ല. സമീപകാലത്തു ജുഡീഷറിയും ഭരണകൂടവും തമ്മിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ചീഫ് ജസ്റീസിന്റെ അഭിപ്രായപ്രകടനത്തിനു മറ്റു ചില മാനങ്ങളും ചിലര്‍ കാണുന്നു. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനു നിലവിലുള്ള കൊളീജിയം സംവിധാനത്തിനു പകരം പുതിയ ജുഡീഷല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കുന്നതിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളും ഐകകണ്ഠ്യേനയാണ് ഇതുസംബന്ധിച്ച നിയമവും ഭരണഘടനാ ഭേദഗതിയും പാസാക്കിയത്. ജഡ്ജിമാരുടെ നിയമനത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നു ബിജെപിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ജഡ്ജിനിയമനത്തിനുള്ള കൊളീജിയം സംവിധാനം അവസാനിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദിവസംതന്നെ സര്‍ക്കാര്‍ നീക്കത്തെ തുറന്ന കോടതിയില്‍ ചീഫ് ജസ്റീസ് ലോധ വിമര്‍ശിച്ചിരുന്നു. ഉന്നത കോടതികളിലെ നിയമനത്തിന് ആറംഗ ജുഡീഷല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കാനാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായിരുന്ന കാലത്ത്, 1998ല്‍, ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രപതിയുടെ അഭിപ്രായമാരായുന്നതിന്റെ ഭരണഘടനാപരമായ സാധുത സുപ്രീംകോടതിയോട് ആരായുകയുണ്ടായി. അതിനു മറുപടിയായി സുപ്രീംകോടതി നല്‍കിയ ഒമ്പതിന മാര്‍ഗനിര്‍ദേശങ്ങള്‍ കൊളീജിയം സംവിധാനത്തിനു നിയതരൂപം നല്‍കിയെന്നു പറയാം. പാര്‍ലമെന്റില്‍ ഏതെങ്കിലും കക്ഷിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതിരുന്ന കാലമായിരുന്നു അത്. അക്കാരണത്താല്‍ത്തന്നെ ജുഡീഷറിയുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടലിനു സര്‍ക്കാരുകള്‍ തയാറായതുമില്ല. പലപ്പോഴും ഭരണപരമായ കാര്യങ്ങള്‍ കോടതിയുടെ മുമ്പാകെ എത്തിക്കൊണ്ടുമിരുന്നു. കോടതിയുടെ ഇടപെടല്‍ പല കാര്യങ്ങളിലും പരിധിവിടുന്നതായി ന്യായാധിപരും അഭിഭാഷകപ്രമുഖരുമുള്‍പ്പെടെയുള്ളവര്‍ പരസ്യമായി പറയുന്ന സ്ഥിതിയും ഇക്കാലയളവില്‍ സംജാതമായി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളുമുയര്‍ന്നു. സുപ്രീംകോടതി ജഡ്ജിമാരെക്കുറിച്ചുപോലും ആരോപണങ്ങളുണ്ടായി.

സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയം ചേര്‍ന്നു ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിലുണ്ടായ ചില പാളിച്ചകളെപ്പറ്റി മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൌണ്‍സില്‍ ചെയര്‍മാനുമായ ജസ്റീസ് മാര്‍ക്കണ്ഡേയ കട്ജു തുറന്നടിച്ചതോടെയാണു ജഡ്ജിനിയമനവിവാദം കത്തിപ്പടര്‍ന്നത്. ഇതേത്തുടര്‍ന്നു ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവന്നതിനെക്കുറിച്ചു പല കഥകളും പ്രചരിക്കുകയും ചെയ്തു.


നിയമവ്യവസ്ഥയിലെ പരിഷ്കാരങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചു ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയില്‍ നടത്തിയ കണ്‍വന്‍ഷനില്‍ ഉദ്ഘാടനപ്രസംഗം ചെയ്ത ചീഫ് ജസ്റീസ് ലോധ ജുഡീഷറിയിലെ അഴിമതിയെക്കുറിച്ചും എടുത്തുപറയുകയുണ്ടായി. ജനാധിപത്യസംവിധാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണു നീതിന്യായ സംവിധാനത്തിലെ അഴിമതി എന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ സമകാലിക സംഭവവികാസങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്.

ഇന്ത്യയില്‍ ജനം ജുഡീഷറിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം വളരെ വലുതാണ്. എല്ലാ വിധത്തിലുമുള്ള സമ്മര്‍ദങ്ങളെയും സ്വാധീനങ്ങളെയും അതിജീവിച്ചു തങ്ങള്‍ക്കു നീതി നല്‍കുന്നതു ജുഡീഷറിയാണെന്ന വിശ്വാസം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കുണ്ടാകണം. ആ വിശ്വാസത്തിനുണ്ടാകുന്ന നേരിയ പോറല്‍പോലും ജുഡീഷറിയുടെ വിശ്വാസ്യതയ്ക്കേല്‍ക്കുന്ന ആഘാതമാവും. ഇന്ത്യന്‍ ജുഡീഷറി ഇക്കാലമത്രയും വലിയൊരളവില്‍ അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയിട്ടുണ്െടങ്കിലും ചില അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജുഡീഷറിയിലെ അഴിമതിയെക്കുറിച്ചു സുപ്രീംകോടതി ചീഫ് ജസ്റീസുമാര്‍ ഉള്‍പ്പെടെയുള്ള ന്യായാധിപന്മാരും അഭിഭാഷകരും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

രാഷ്ട്രീയ പിന്‍ബലത്തില്‍ ഒരാള്‍ ന്യായാധിപ സ്ഥാനത്തേക്ക് എത്തുന്നതു ജനാധിപത്യസംവിധാനത്തിലെ അടിസ്ഥാന സമതുലിതാവസ്ഥയെ തകിടംമറിക്കും. അത്തരം ചില നിയമനങ്ങള്‍ നടന്നിട്ടുണ്െടന്നു മുന്‍ ന്യായാധിപന്മാര്‍തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്കു ജുഡീഷറിക്ക് അതിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ബാധ്യതയുണ്ട്. മറുവശത്ത്, ഏറെക്കാലത്തിനുശേഷം ഒറ്റക്കക്ഷി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചില നിലപാടുകളും നയങ്ങളും സ്വീകരിക്കുകയും അതിലൂടെ ജനാധിപത്യത്തെയും ഭരണനിര്‍വഹണത്തെയും ശക്തിപ്പെടുത്തുകയും വേണം. എന്നാല്‍, ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് ഏതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ സ്വന്തം നേട്ടത്തിനായി ദുരുപയോഗിക്കുന്നുവെന്നു തോന്നിയാല്‍ അതിന്റെ തിരിച്ചടി വലുതായിരിക്കും. ഇന്ത്യന്‍ ജനത ഇക്കാര്യം രാഷ്ട്രീയക്കാരെ പല തവണ ബാലറ്റിലൂടെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

ജഡ്ജിമാരുടെ നിയമനത്തില്‍ ജുഡീഷറിക്കോ നിയമനിര്‍മാണസഭയ്ക്കോ, ആര്‍ക്കായിരിക്കണം മുന്‍കൈ എന്നതാവരുതു മുഖ്യമായ വിഷയം. ജസ്റീസ് ലോധ ചൂണ്ടിക്കാട്ടിയതുപോലെ, ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിപോലും സുപ്രീംകോടതിക്ക് അസാധുവാക്കാനാവും എന്ന വസ്തുത ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നിയമസമ്മേളനത്തില്‍ വിദേശ പ്രതിനിധികളെ അദ്ഭുതപ്പെടുത്തിയെങ്കില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മഹത്ത്വവും ഔന്നത്യവുമാണ് അതിലൂടെ വ്യക്തമാകുന്നത്. അതു നഷ്ടപ്പെടാന്‍ ജുഡീഷറിയോ ഭരണകൂടമോ ഒരിക്കലും ഇടയാക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.