വിദേശ ട്രോളറുകള്‍ക്കു വീണ്ടും ലൈസന്‍സ്
വിദേശ ട്രോളറുകള്‍ക്കു വീണ്ടും ലൈസന്‍സ്
Wednesday, September 3, 2014 12:26 AM IST
ആലപ്പുഴ: വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം നട ത്തുന്നതിനായി പുതിയ ലൈസന്‍സുകള്‍ അനുവദിക്കണമെന്നുള്ള ശിപാര്‍ശയ്ക്കെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ മാസമാണു മുന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മിറ്റി ഇന്ത്യന്‍ പരിധിയിലെ ആഴക്കടലില്‍ 1178 വിദേശ ട്രോളറുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശ സര്‍ക്കാരിനു നല്‍കിയത്.

ഈ ശിപാര്‍ശ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും കൂടുതല്‍ ട്രോളിംഗ് ലൈസന്‍സുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശയ്ക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍. കൂടുതല്‍ വിദേശ ട്രോളറുകള്‍ ഇന്ത്യന്‍ തീരത്തേക്കു വന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്നാണു തൊഴിലാളി സംഘടനകളുടെ വാദം.

1992-ല്‍ നരസിഹറാവു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ആദ്യമായി രാജ്യത്തു വിദേശ ട്രോളറുകള്‍ക്കു മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചത്. അറുനൂറിലധികം ലൈസന്‍സുകളാണ് അന്നു നല്‍കിയത്. മത്സ്യബന്ധന ട്രോളറുകള്‍ പിടിക്കുന്ന മത്സ്യം കരയിലെത്തിച്ചു സംസ്കരിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ കരയിലേക്ക് മത്സ്യമെത്തുമ്പോള്‍ നിരവധി തൊഴിലാളികള്‍ക്ക് സംസ്കരണ മേഖലയില്‍ ജോലി ലഭ്യമാകുമെന്നും പ്രചരിപ്പിച്ചു.

എന്നാല്‍ ലൈസന്‍സ് നേടിയവര്‍ മത്സ്യബന്ധനത്തിനായി ഫാക്ടറി ഷിപ്പുകളാണ് ഇന്ത്യന്‍ കടലിലെത്തിച്ചത്. മത്സ്യബന്ധനം നടത്തിയ കപ്പലുകളില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമുള്ള ഫാക്ടറി ഷിപ്പുകള്‍ അവയില്‍ തന്നെ മത്സ്യം സംസ്കരിക്കുകയും ആവശ്യമില്ലാത്ത ചെറുമീനുകളെ കടലിലേക്ക് തള്ളുകയുമാണ് ചെയ്തിരുന്നത്. ഇത് മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമായതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.


തീരത്തു നിന്നും 22 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനാണ് ട്രോളറുകള്‍ക്ക് ലൈസന്‍സ് നല്കിയിരിക്കുന്നതെങ്കിലും പലപ്പോഴും ഇവ തീരക്കടലിലും മത്സ്യബന്ധനത്തിലേര്‍പ്പെടാറുണ്ട്. ഇത്തരക്കാരെ തടയാന്‍ വേണ്ട സംവിധാനം ഇല്ലാത്തത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് കൂടുതലും ബാധിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 700-ലധികം വിദേശ ട്രോളറുകള്‍ക്ക് മത്സ്യബന്ധനത്തിനായി ലെറ്റര്‍ ഓഫ് പെര്‍മിറ്റ് നല്കിയിരുന്നു.

നിലവില്‍ ആയിരത്തിലധികം വിദേശ ട്രോളറുകള്‍ തീരം അരിച്ചുപെറുക്കുമ്പോള്‍ പുതിയ ലൈസന്‍സുകള്‍ നല്കാനുള്ള ശിപാര്‍ശ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ വാദം. കമ്മിറ്റിയുടെ ശിപാര്‍ശയ്ക്കെതിരേ ഓണത്തിനു ശേഷം മത്സ്യത്തൊഴിലാളി സംഘടനകള്‍ യോഗം ചേര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍-എഐടിയുസി സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.