ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ദേശീയ ശില്പശാല 20, 21 തീയതികളില്‍
Wednesday, September 3, 2014 12:44 AM IST
കൊച്ചി: ഇന്ത്യന്‍ ബാര്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ക്കായി ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. 20,21 തീയതികളില്‍ ആലപ്പുഴ ലേക്ക് റിസോര്‍ട്ടില്‍ നടക്കുന്ന ശില്പശാലയില്‍ ഇന്ത്യന്‍ തീര സുരക്ഷാനിയമം, പൊതു താത്പര്യ വ്യവഹാരം, നീതിവ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍, സാക്ഷിവിസ്താരം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ വിഷയാവതരണം നടത്തും. 20നു രാവിലെ ഒമ്പതിനു സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്യുമെന്നു ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ടി.എസ്. അജിത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന്‍ എംഎല്‍എ, ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിരിസിംഗ് സിന്‍സിന്‍വാര്‍, ബാര്‍ കൌണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ടി.എച്ച്. അബ്ദുള്‍ അസീസ്, അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന സെഷനുകളില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് എ. ഹരിപ്രസാദ്, ജസ്റീസ് ഏബ്രഹാം മാത്യു, ജസ്റീസ് ദാമശേഷാദ്രി നായിഡു തുടങ്ങിയവര്‍ സംബന്ധിക്കും.


21നു വൈകുന്നേരം നാലിനു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമമന്ത്രി കെ.എം. മാണി, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം, തോമസ് ഐസക് എംഎല്‍എ, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം.നാഗരേഷ്, ബാര്‍ കൌണ്‍സില്‍ ഓഫ് കേരള വൈസ് ചെയര്‍മാന്‍ അഡ്വ.സി.ടി. സാബു തുടങ്ങിയവര്‍ പങ്കെടുക്കും.1500 രൂപയാണു ശില്പശാലയിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ്. പത്രസമ്മേളനത്തില്‍ ടി.എച്ച്. അബ്ദുള്‍ അസീസ്, അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി തുടങ്ങിയവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.