തിക്രിത്തിലെ നഴ്സുമാരുടെ ശമ്പള കുടിശിക ലഭിച്ചു
Wednesday, September 3, 2014 12:44 AM IST
തിരുവനന്തപുരം: ഇറാക്ക് തിക്രിത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 46 മലയാളി നഴ്സുമാരുടെ ശമ്പള കുടിശികയായി ലഭിക്കേണ്ട 92,450 ഡോളര്‍ നല്‍കാന്‍ വേണ്ടി 10,68,63,900 ഇറാക്ക് ദിനാറിന്റെ ചെക്ക് ബാഗ്ദാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ലഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം അറിയിച്ചതായി പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

31 നഴ്സുമാരുടെ രണ്ടു മാസത്തെയും 15 നഴ്സുമാരുടെ നാലര മാസത്തെയും ശമ്പള കുടിശികയാണ് ലഭിച്ചത്. അമേരിക്കന്‍ ഡോളറിലാണു നഴ്സുമാര്‍ക്കു ശമ്പളം നല്‍കിയിരുന്നതെങ്കിലും ഇറാക്ക് ആരോഗ്യ വകുപ്പ് ഇറാക്ക് ദിനാറിലാണു കുടിശിക പണം അനുവദിച്ചിരിക്കുന്നത്. തന്മൂലം വിനിമയ നിരക്കില്‍ 65 മുതല്‍ 75 വരെ ഡോളര്‍ നഷ്ടം നഴ്സുമാര്‍ക്കു സംഭവിക്കും. ചെക്ക് മടക്കിനല്‍കിയാല്‍ ഇപ്പോഴത്തെ ഇറാക്കിലെ ഭരണസ്തംഭനം കണക്കിലെടുക്കുമ്പോള്‍ ഡോളര്‍ നിരക്കില്‍ ശമ്പളം കിട്ടുമോയെന്നും എപ്പോള്‍ കിട്ടുമെന്നും പറയാന്‍ കഴിയില്ലയെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്.


അതിനാല്‍ നഷ്ടം സഹിച്ച് ഇറാക്കി ദിനാറില്‍ കുടിശിക ശമ്പളം വാങ്ങാന്‍ 46 നഴ്സുമാര്‍ തയാറുണ്േടായെന്ന് ആരായാന്‍ നോര്‍ക്ക സിഇഒ സുദീപിനു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നഴ്സുമാരുടെ അഭിപ്രായം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.