ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Wednesday, September 3, 2014 12:20 AM IST
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് കെ. മനോജിന്റെ കൊലപാതകം ക്രൈെംബ്രാഞ്ച് അന്വേഷിക്കും. ക്രൈെംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനെ അന്വേഷണച്ചുമതല ഏല്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസിന്റെ ഗൌരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചത്.

എഡിജിപി ഇന്നു കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റുള്ളവരെ എഡിജിപിക്കു തന്നെ തീരുമാനിക്കാം. കേസിലെ പ്രതികളെ ഉടന്‍തന്നെ നിയമത്തിനു മുന്നിലെത്തിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ആക്രമണം നടന്ന പ്രദേശങ്ങളില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്. മനഃപൂര്‍വം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഡിഐജി ദിനേന്ദ്ര കശ്യപ് ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണം. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണവും ആഭ്യന്തമന്ത്രി അഭ്യര്‍ഥിച്ചു.


കണ്ണൂരിനെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ഇനി അനുവദിക്കില്ല. സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഡിജിപി, എഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. മനോജിന്റെ കൊലപാതകത്തില്‍ എട്ടു പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതികളെ ഉടന്‍ നിയമത്തിനു മുന്നിലെത്തിക്കും.

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ അന്വേഷിച്ചതായും ഇക്കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. കൊല്ലപ്പെട്ട മനോജിനു പോലീസ് സംരക്ഷണം നല്കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. പോലീസ് സംരക്ഷണം നല്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്കെല്ലാം സംരക്ഷണം നല്കിയിട്ടുണ്െടന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.