ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോക്താക്കള്‍ രജിസ്റര്‍ ചെയ്യണം
Wednesday, September 3, 2014 12:35 AM IST
തിരുവനന്തപുരം: ജൈവവൈവിധ്യ ചട്ടങ്ങള്‍ അനുശാസിക്കും പ്രകാരം ജൈവവിഭവങ്ങള്‍ വാണിജ്യ തോതില്‍ ശേഖരിക്കുന്ന സംരംഭകര്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി ഉടന്‍ ബന്ധപ്പെടണമെന്നു മെംബര്‍ സെക്രട്ടറി അറിയിച്ചു.

2002, 2004 വര്‍ഷങ്ങളിലെ കേന്ദ്ര ജൈവവൈവിധ്യ നിയമവും ചട്ടവും 2008-ലെ സംസ്ഥാന ജൈവവൈവിധ്യ ചട്ടവുമനുസരിച്ച് കേരളത്തിലെ ജൈവസമ്പത്തുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിനു കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതി തേടിയിരിക്കണം. എന്നാല്‍, പാരമ്പര്യ വൈദ്യന്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജൈവവിഭവങ്ങളെ വാണിജ്യതോതില്‍ ഉപയോഗപ്പെടുത്തുന്നവര്‍ അവര്‍ക്കു കിട്ടുന്ന നേട്ടത്തില്‍ ഒരു പങ്ക് ജൈവവൈവിധ്യ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ബാധ്യസ്ഥരാണ്. സംസ്ഥാനത്തെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുക. 2008-ലെ സംസ്ഥാന ജൈവവൈവിധ്യ ചട്ടം അനുശാസിക്കും വിധമുള്ള ഫോം 1-ല്‍ ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പൂരിപ്പിച്ച് ഉടന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലേക്ക് അയയ്ക്കണം. ഈ ഫോമിന്റെ മാതൃക ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (ംംം.സലൃമഹമയശീറശ്ലൃശെ്യ.ീൃഴ) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍, അവയുടെ ഭാഗങ്ങള്‍, അവയുടെ ജനിതക വസ്തുക്കള്‍, അവയുടെ ഉപോത്പന്നങ്ങള്‍ (മൂല്യവര്‍ധിത വസ്തുക്കള്‍ ഒഴികെ), ഇവയുടെ സാധ്യമോ യഥാര്‍ഥമോ ആയ ഉപയോഗമോ അഥവാ മൂല്യമോ ജൈവ വിഭവങ്ങളില്‍പ്പെടും. എന്നാല്‍, മനുഷ്യജനിതക വിഭവങ്ങള്‍ ഉള്‍പ്പെടുകയില്ല.

ജൈവസമ്പത്തുകള്‍ വാണിജ്യ തോതില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധ വ്യവസായങ്ങള്‍, പഞ്ചസാര മില്ലുകള്‍, വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍, ഡിസ്റിലറികള്‍, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍, ഫല സംസ്കരണശാലകള്‍, തുണി, നൂല്‍നൂല്‍പ്പു മില്ലുകള്‍, സുഗന്ധവ്യഞ്ജന വ്യവസായങ്ങള്‍, മറ്റു കാര്‍ഷിക-ജൈവ വ്യവസായങ്ങള്‍ എന്നിവയും ജൈവ വിഭവങ്ങളെ വാണിജ്യതോതില്‍ ഉപയോഗപ്പെടുത്തുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് ബോഡികള്‍ എന്നിവയും നിശ്ചിത ഫോമില്‍ രജിസ്റര്‍ ചെയ്യണം.

ഫോമുകള്‍ പൂരിപ്പിച്ച് മെംബര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ് നഗര്‍, മെഡിക്കല്‍ കോളജ് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ഇത്തരത്തില്‍ രജിസ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.