സമ്പൂര്‍ണ മദ്യവര്‍ജനത്തിനു നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സമ്പൂര്‍ണ മദ്യവര്‍ജനത്തിനു നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Wednesday, September 3, 2014 12:34 AM IST
കൊച്ചി: സമ്പൂര്‍ണ മദ്യവര്‍ജനമെന്ന ആത്യന്തികലക്ഷ്യത്തിനു സഹായകമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം ജാഗ്രതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടപ്പിലാക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍, സര്‍ക്കാരിന്റെ മദ്യനിരോധന നടപടികള്‍ വേഗത്തിലായിപ്പോയെന്നും അതിനാല്‍ നടപടികള്‍ക്കു സാവകാശം വേണമെന്നുമുള്ള സൂചനയോടെ ആ ചാനലും പത്രവും വ്യാഖ്യാനിച്ചത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. സര്‍ക്കാര്‍ അടുത്തകാലത്തെടുത്ത മദ്യനിയന്ത്രണ നടപടികള്‍ ജനങ്ങളുടെ പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നെന്നും അതിനായുള്ള തീരുമാനങ്ങള്‍ പെട്ടെന്ന് ഉണ്ടായതായി ജനങ്ങള്‍ക്കു തോന്നിയെന്നും പറഞ്ഞതാണു തെറ്റായി വ്യാഖ്യാനിച്ചത്.


തന്റെ അഭിമുഖം പൂര്‍ണമായി കണ്ടവര്‍ക്കു മദ്യനയത്തിലുള്ള സഭയുടെ സമീപനവും താന്‍ പറഞ്ഞതും മനസിലായിട്ടുണ്െടന്നു കരുതുന്നതായി മാര്‍ ആലഞ്ചേരി പറഞ്ഞു.

ഏതു രീതിയിലായാലും മദ്യവര്‍ജനത്തെ സഹായിക്കുന്ന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. തന്റെയും കേരളത്തിലെ സഭകളുടെയെല്ലാംതന്നെയും അഭിപ്രായവും സമാനമാണ്. സര്‍ക്കാരിന്റെ മദ്യോപയോഗ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കര്‍ദിനാള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.