ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു
ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു
Wednesday, September 3, 2014 12:19 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്നലെ സംസ്ഥാനത്തു ജനജീവിതം സ്തംഭിപ്പിച്ചു. നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ നിരവധി കേന്ദ്രങ്ങളില്‍ കല്ലേറുണ്ടായി. കണ്ണൂരില്‍ ബോംബെറിഞ്ഞെങ്കിലും ആര്‍ക്കും അപകടമില്ല.

വ്യാപക ആക്രമണത്തെത്തുടര്‍ന്നു പലയിടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താലനുകൂലികള്‍ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ബലമായി അടപ്പിച്ചു. കേരളത്തിലേക്കുള്ള തമിഴ്നാട്, കര്‍ണാടക ബസുകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

പാല്‍, പത്രം, ആംബുലന്‍സ് സര്‍വീസുകളെ ഒഴിവാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പാല്‍ വിപണന കേന്ദ്രങ്ങള്‍ രാവിലെതന്നെ ബലമായി അടപ്പിച്ചു. ആംബുലന്‍സുകള്‍ തടഞ്ഞ സംഭവങ്ങളും ഉണ്ടായി. ഓണാവധിക്കു നാട്ടിലെത്തിയവര്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞു. വൈകുന്നേരം വരെ റെയില്‍വേ സ്റേഷനുകളില്‍ കഴിഞ്ഞുകൂടേണ്ട ഗതികേടിലായിരുന്നു പലരും. ഓണത്തിരിക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന വ്യാപാരികളെയും ഹര്‍ത്താല്‍ വെട്ടിലാക്കി.

പിഎസ്സി പരീക്ഷ മാറ്റിവയ്ക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വലച്ചു. വാഹനഗതാഗതം തടസപ്പെട്ടതിനാല്‍ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കെത്താനായില്ല. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ചില്ല. രാവിലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും കല്ലേറുണ്ടായതിനാല്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരത്തുനിന്നു നാഗര്‍കോവിലിലേക്കുപോയ കെഎസ്ആര്‍ടിസി ബസിനു നേരേ കല്ലേറുണ്ടായി.

കണ്ണൂരില്‍ പെരളശേരിയിലും മമ്പറത്തുമാണു ബോംബേറുണ്ടായത്. ഹര്‍ത്താലില്‍ അക്രമമുണ്ടാകാതിരിക്കാന്‍ കതിരൂര്‍ അടക്കം കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.


പുനലൂരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റഡിയിലെടുത്തു. കടപ്പാക്കടയില്‍ മത്സ്യമാര്‍ക്കറ്റ് അടപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. വള്ളിക്കീഴില്‍ സ്വകാര്യബസിനു നേരേയും കല്ലേറുണ്ടായി.

ഇടുക്കി ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞു. തൊടുപുഴ മാര്‍ക്കറ്റില്‍ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. അടയ്ക്കാന്‍ വിസമ്മതിച്ച കടയുടമയെ ക്രൂരമായി മര്‍ദിക്കുകയും കടയിലെ വാഴക്കുലകള്‍ നശിപ്പിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കല്ലേറില്‍ രണ്ട് ലോറികളുടെ ചില്ല് തകര്‍ന്നു. കോട്ടയത്തു പോലീസ് അകമ്പടിയോടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. കൊച്ചിയില്‍ കാക്കനാട്ടും സൌത്ത് റെയില്‍വേ സ്റേഷനിലും വാഹനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. കൊച്ചിയില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരേ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം കല്ലെറിഞ്ഞു. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. കൊണ്േടാട്ടി പുളിക്കലില്‍ ഇരുചക്രവാഹനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. വയനാട്ടില്‍ കല്ലേറില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

കോഴിക്കോട് കൊറ്റമംഗലത്ത് റേഷന്‍ കടയിലുള്‍പ്പടെ രണ്ടു കടകളിലെ സാധനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. മീഞ്ചന്തയ്ക്കു സമീപം വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ രാവിലെ തടഞ്ഞെങ്കിലും പിന്നീടു പോലീസ് ഇടപെട്ടു വിട്ടയച്ചു. വെസ്റ് ഹില്ലില്‍ ലോറിക്കു നേരേയും കല്ലേറുണ്ടായി. ഹര്‍ത്താല്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.