ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി; ആറ് നൈജീരിയക്കാര്‍ അറസ്റില്‍
ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടി; ആറ് നൈജീരിയക്കാര്‍ അറസ്റില്‍
Wednesday, September 3, 2014 12:31 AM IST
അടൂര്‍: ഓണ്‍ലൈന്‍ മുഖേന ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്തു 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആറ് നൈജീരിയന്‍ സ്വദേശികള്‍ അറസ്റിലായി. നൈജീരിയന്‍ സ്വദേശികളായ ജോഷ്വ (26), മിഖായേല്‍ മാര്‍ക്ക് ഉനാക്ക (24), ഒബേദിയോബൊ ഉഷെ (24), മ്യൂമോ ജോ (23), ലവ്്ഡേ ഡാര്‍ലിങ്ടണ്‍ (26), കൂളിനസ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവരെ ബാംഗളൂരില്‍ നിന്നാണ് അടൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റുചെയ്തത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം അടൂര്‍ ഏഴംകുളം തേപ്പുപാറ ജിജിന്‍ ഭവനത്തില്‍ ജിജിന്‍ അലക്സിനു ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയതു ജിജിന്റെ മെയിലിലിലേക്കു സന്ദേശം വരികയും ഖത്തറില്‍ എന്‍ജിനിയറായി ജോലി ചെയുന്ന ജിജിന്‍ ഓണ്‍ ലൈന്‍ വഴി പരീഷ എഴുതി. പരീഷ എഴുതിയശേഷം ജിജിന്റെ മെയിലില്‍ പരീഷ പാസായെന്നു കാണിച്ചു പലതവണ മെയില്‍ വന്നിരുന്നു. പിന്നീട് മികച്ച ശമ്പളത്തില്‍ ബ്രിട്ടനില്‍ ജിജിനു ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള അറിയിപ്പും വന്നു. ഇതനുസരിച്ച് ജിജിന്‍ നൈജീരിയന്‍ സംഘവുമായി മെയില്‍ ബന്ധപ്പെടുകയും ബ്രിട്ടനില്‍ ജോലി ലഭിക്കണമെങ്കില്‍ 21 ലക്ഷം രൂപ ബ്രിട്ടീഷ് കൌണ്‍സിലില്‍ അടക്കണമെന്നും ആവശ്യപ്പെട്ടു. നൈജീരിയന്‍ സംഘത്തിന്റെ ഇന്ത്യയിലുള്ള വിവിധ അക്കൌണ്ടുകളിലേക്ക് പലപ്പോഴായി 21 ലക്ഷം രൂപ ജിജിന്‍ അയക്കുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ് 16 നു നൈജീരിയന്‍ സംഘം 21 ലക്ഷത്തിനു പുറമെ വീണ്ടും നാല് ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയച്ചു. ഇതില്‍ സംശയം തോന്നിയ ജിജിന്റെ പിതാവ് അടൂര്‍ പോലീസ് സ്റേഷനില്‍ പരാതി നല്‍കി. നൈജീരിയന്‍ സ്വദേശികള്‍ നാല് ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് വീണ്ടും മെയിലുകള്‍ അയച്ചുകൊണ്ടിയിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം സംഘത്തെ ഫോണിലുടെ ബന്ധപ്പെടുകയും നാല് ലക്ഷം രൂപ നേരിട്ടു നല്‍കാമെന്ന് പറയുകയുമുണ്ടായി. എന്നാല്‍ സംഘം ഇതിനു വഴങ്ങിയില്ല. തുടര്‍ന്ന് അടൂര്‍ സിഐ ടി. മനോജ്,എസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാംഗളൂരില്‍ എത്തുകയും സംഘത്തിന്റെ മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ ബാംഗളൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഡോണഹള്ളി സ്ഥലത്തായിരുന്നു. ഏഴ് ദിവസം പോലീസ് സംഘം വേഷം മാറി അവിടെ താമസിക്കുകയും നൈജീരിയന്‍ സംഘത്തെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. നൈജീരിയന്‍ സംഘം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനോട് പോലീസ് കാര്യങ്ങള്‍ പറയുകയും ഇവര്‍ പോലീസ് സംഘത്തെ സഹായിക്കുകയും ചെയ്തു. പോലീസ് സംഘം വസ്തു കച്ചവടക്കാര്‍ എന്ന രീതിയില്‍ കുറച്ച് ദിവസം ഇവര്‍ താമസിച്ച സ്ഥലത്ത് തങ്ങി. തുടര്‍ന്ന് ബാംഗളൂര്‍ മലയാളി സമാജത്തിന്റെ സഹയാത്തോടെ നൈജീരിയന്‍ സംഘത്തെ പിടികൂടാന്‍ ശ്രമിച്ചു.


തുണിക്കച്ചവടക്കാര്‍ എന്ന വ്യാജേനയാണ് ഇവര്‍ വീട്ടില്‍ താമസിച്ചിരുന്നത്. സൈബര്‍ തട്ടിപ്പ് നടത്തുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന 15 ലാപ്പ് ടോപ്പ്, നിരവധി സിം കാര്‍ഡുകള്‍, യുഎസ്ബി കേബിളുകള്‍, കാലാവധി അവസാനിച്ച നാല് പാസ്പോര്‍ട്ട് എന്നിവ പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട എസ്പി ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം അടൂര്‍ സിഐ ടി മനോജ്, എസ്ഐ ഗോപകുമാര്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണച്ചുമതല. പോലീസ് ഓഫീസര്‍മാരായ സുധീഷ്, പ്രസാദ്, നാദിര്‍ഷാ , മോഹന്‍പിള്ള, നിഷാദ്, സര്‍വദൂന്‍, ഉദയചന്ദ്രന്‍ എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.