പ്രധാനമന്ത്രിയുടെ സംവാദം പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശം അനുചിതം: മുസ്ലിംലീഗ്
പ്രധാനമന്ത്രിയുടെ സംവാദം പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശം അനുചിതം: മുസ്ലിംലീഗ്
Wednesday, September 3, 2014 12:29 AM IST
മലപ്പുറം: ഈ വര്‍ഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രിയും വിദ്യാര്‍ഥികളും നടത്തുന്ന സംവാദം വിദ്യാര്‍ഥികളെ കേള്‍പ്പിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധപൂര്‍വം സൌകര്യമൊരുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം അനുചിതമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റില്‍ ഉള്‍പ്പെട്ട രാജ്യമാണു നമ്മുടേത്. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങളുടെ മേല്‍ എല്ലാ കാര്യവും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്യ്രദിനത്തിനും റിപ്പബ്ളിക് ദിനത്തിനും ഇല്ലാത്ത പ്രാധാന്യം നല്‍കി പ്രധാനമന്ത്രി മോദി വിദ്യാര്‍ഥികളുമായി സംവദിക്കുന്നതു പ്രദര്‍ശിപ്പിക്കുന്നതിലെ രാഷ്ട്രീയ താത്പര്യം എല്ലാവര്‍ക്കും മനസിലാക്കാവുന്നതാണ്. പാഠ്യപദ്ധതിയില്‍ കാവിവത്കരണത്തിന് ആരംഭംകുറിച്ച വേളയില്‍ അത്തരം മാറ്റങ്ങളും സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ സംസ്ഥാനങ്ങള്‍ അതിനു വഴങ്ങേണ്ടി വരില്ലെയെന്നത് ചിന്തിക്കേണ്ടതാണ്.


മഹാനായ രാഷ്ട്രത്തലവനും മതേതരവാദിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. രാധാകൃഷ്്ണന്റെ ജന്‍മദിനത്തില്‍ അദ്ദേഹത്തെപ്പറ്റി ചിന്തിക്കാനും പഠിക്കാനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമയവും സന്ദര്‍ഭവും ഒരുക്കേണ്ടതിനു പകരം ആ സ്ഥാനത്തേക്ക് മോദി വരുന്നതിലെ താത്പര്യം രാജ്യസ്നേഹപരമായിരിക്കില്ല. കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പോലും സംവാദം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കാനാകില്ലെന്ന് പറഞ്ഞിരിക്കെ ആലോചനയില്ലാതെ ഡിപിഐ ഇറക്കിയ ഉത്തരവ് ശരിയായില്ല.

പിഞ്ചുമനസുകളില്‍ മോദിയെ കുടിയിരുത്താനുള്ള ഈ ദുരൂഹ നീക്കത്തിനു സംസ്ഥാനത്തെ വിദ്യാലയങ്ങളെ വേദിയാക്കാനുള്ള നീക്കം ചെറുക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.