ആര്‍എസ്എസ് നേതാവിനെ കതിരൂരില്‍ വെട്ടിക്കൊന്നു
ആര്‍എസ്എസ് നേതാവിനെ കതിരൂരില്‍ വെട്ടിക്കൊന്നു
Tuesday, September 2, 2014 12:09 AM IST
കൂത്തുപറമ്പ്: കതിരൂരില്‍ ആര്‍എസ്എസ് നേതാവിനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ കതിരൂര്‍ ഡയമണ്ട് മുക്കിലെ കെ. മനോജ് (40) ആണു കൊല്ലപ്പെട്ടത്. മനോജിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുളപ്പുറത്ത് പ്രമോദിനു (48) പരിക്കേറ്റു. വെട്ടേറ്റും ബോംബിന്റെ ചീളുകള്‍ തറച്ചും സാരമായി പരിക്കേറ്റ പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കതിരൂരില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ കൊലപാതകമാണിത്. സിപിഎം ആണ് അക്രമത്തിനു പിന്നിലെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. സംഭവത്തിനു ദൃക്സാക്ഷിയായ ശശി എന്ന ബിജെപി പ്രവര്‍ത്തകന്റെ മൊഴി പ്രകാരം സിപിഎം പ്രവര്‍ത്തകന്‍ മിത്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

1999 ഓഗസ്റ് 25ന് തിരുവോണനാളില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണു മനോജെന്നു പോലീസ് പറഞ്ഞു. 2009ല്‍ മനോജിനു നേരേ കതിരൂരില്‍ ബോംബേറുണ്ടായിരുന്നു. അന്നു നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഡയ്മണ്ട് മുക്കിനു സമീപത്തെ തറവാട്ടുവീട്ടില്‍ പോയശേഷം വീട്ടിലേക്ക് ഓംനി വാനില്‍ വരുകയായിരുന്ന മനോജിനെ കതിരൂരില്‍ ഉക്കാസ്മൊട്ടയ്ക്കും ഡയമണ്ട് മുക്കിനും ഇടയില്‍വച്ചാണു കൊലപ്പെടുത്തിയത്. വെട്ടേറ്റു കഴുത്ത് അറ്റ നിലയിലായിരുന്നു. മനോജിന്റെ തന്നെ ഓംനി വാനില്‍ പോകുമ്പോഴായിരുന്നു അക്രമം. യാത്രയ്ക്കിടെ വഴിയില്‍നിന്നാണു പ്രമോദ് വാഹനത്തില്‍ കയറിയത്.


റോഡില്‍ പതിയിരുന്ന അക്രമിസംഘം മനോജിന്റെ വാഹനം അടുത്തെത്തിയപ്പോള്‍ ബോംബെറിയുകയും വാന്‍ നിയന്ത്രണംവിട്ടു റോഡരികിലെ തിട്ടയിലിടിച്ചു നിന്നപ്പോള്‍ ആക്രമിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞയുടന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കടകളടപ്പിച്ചു. തലശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകള്‍ കനത്ത സംഘര്‍ഷാവസ്ഥയിലാണ്.

പരേതനായ എളംതോടി വീട്ടില്‍ ചാത്തുക്കുട്ടി-രാധ ദമ്പതികളുടെ മകനാണ് മനോജ്. നിര്‍മാണ കരാറുകാരനായ ഇദ്ദേഹം അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉദയകുമാര്‍, മഹേഷ്, സുനില്‍, ധന്യ. മൃതദേഹം പോസ്റ്മോര്‍ട്ടം നടത്തിയ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്നു വിലാപയാത്രയായി കതിരൂരില്‍ എത്തിച്ച് ഉച്ചകഴിഞ്ഞു വീട്ടുവളപ്പില്‍ സംസ്കരിക്കും.

കതിരൂര്‍ എരുവട്ടി പൊട്ടംപാറയില്‍ വച്ചു വെട്ടേറ്റു ചികിത്സയിലായിരുന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ നുച്ചോളി സുരേഷ് കുമാര്‍ (42) കഴിഞ്ഞ 27നു മരിച്ചിരുന്നു. സുരേഷ് കുമാറിന്റെ മരണത്തെത്തുടര്‍ന്നു കതിരൂര്‍ മേഖല സംഘര്‍ഷത്തിലായിരുന്നു. പോലീസ് ഇവിടെ കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെയാണു വീണ്ടും കൊലപാതകം നടന്നത്. ഡിഐജി ദിനേന്ദ്ര കശ്യപ്, എസ്പി പി. ഉണ്ണിരാജന്‍, തലശേരി എഎസ്പി നാരായണന്‍, കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്‍ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതല്‍ സായുധസേനയെ സംഘര്‍ഷമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.