ശബരിമല പാതകളില്‍ പ്രത്യേക സുരക്ഷാസംവിധാനത്തിനു നിര്‍ദേശം
Tuesday, September 2, 2014 12:22 AM IST
ശബരിമല: തീര്‍ഥാടനകാലത്ത് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും മുമ്പ് ഏര്‍പ്പെടുത്തിയിരുന്നതില്‍ നിന്നു വ്യത്യസ്തമായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്നു രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട-പമ്പ റൂട്ടില്‍ വടശേരിക്കര മുതല്‍ പമ്പവരെയുള്ള ഓരോ അഞ്ചു കിലോമീറ്ററിലും പ്രത്യേക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. ഇതിനു സമാനമായി എരുമേലി-പമ്പ പാതയില്‍ കണമല മുതല്‍ പമ്പവരെയുള്ള ഭാഗത്തും അഞ്ചു കിലോമീറ്ററില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും ഇവ രണ്ടിന്റെയും ഏകോപനം പമ്പയിലെ പോലീസ് സ്പെഷല്‍ ഓഫീസര്‍ക്ക് ആയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. രണ്ടു പാതകളിലും ഇത്തരത്തില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കുകയും പമ്പയില്‍ ഏകോപനം നടത്തുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും. ഓരോ സെക്കന്‍ഡിലും രണ്ടു പാതയിലൂടെയും പമ്പയിലേക്ക് എത്ര വാഹനങ്ങള്‍ വരുന്നുണ്െടന്നു കൃത്യമായി അറിയാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിയില്‍ തിരക്കു നിയന്ത്രിക്കുവാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. വാഹനങ്ങളുടെ തിരക്ക് കൂടുകയാണെങ്കില്‍ കോട്ടയം, ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിടാന്‍ കഴിയും. മുന്‍കാലത്തെപ്പോലെ കൊടുംവനത്തില്‍ തീര്‍ഥാടക വാഹ നങ്ങള്‍ മണിക്കൂറുകളോളം പോലീസ് പിടിച്ചിടുന്നുവെന്ന വിമര്‍ശനവും ഒഴിവാക്കാന്‍ കഴിയും.

നിലയ്ക്കലില്‍ ഓരോ സംസ്ഥാനത്തിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പ്രത്യേകമായി സ്ഥലം അനുവദിച്ചാല്‍ ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇത്തരം പാര്‍ക്കിംഗ് ഗ്രൌണ്ടുകളില്‍ പാര്‍ക്ക് ചെയ്ത വാഹന ഉടമകളും മറ്റും സംസ്ഥാന പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും ഇത്തരം സംസ്ഥാനങ്ങളില്‍നിന്നും കച്ചവട ക്കാരും മറ്റും താവളമടിക്കുന്നതും ഗുണകരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സംസ്ഥാനങ്ങള്‍ക്കു പ്രത്യേകമായി സ്ഥലം അനുവദിക്കുന്നതില്‍ മിതത്വം പാലിക്കണമെന്നു കേന്ദ്ര ഏജന്‍സികളും അറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇത്തരം പാര്‍ക്കിംഗ് ഗ്രൌണ്ടുകള്‍ തങ്ങളുടെ സംസ്ഥാനത്തിന്റേതാണെന്ന വാദ വും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്െടന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള തീര്‍ഥാടനപാതയില്‍ മരക്കൂട്ടം മുതല്‍ യു ടേണ്‍ വരെയുള്ള ഭാഗത്ത് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ക്കു പുറമേ ഒരെണ്ണം കൂടി നിര്‍മിക്കണമെന്ന നിര്‍ദേശവും ഉണ്ട്. തിരക്ക് കൂടുമ്പോള്‍ ശരംകുത്തി പാതയില്‍നിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്കു കൂട്ടംകൂട്ടമായി തീര്‍ഥാടകര്‍ ഇറങ്ങിവരുന്നത് ഇതു മൂലം തടയാന്‍ കഴിയും. സന്നിധാനത്തുനിന്നു പമ്പയിലേക്കു വണ്‍വേ റോഡായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്നതു ചന്ദ്രാനന്ദന്‍ റോഡാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.