മുഖപ്രസംഗം: മത്സ്യബന്ധനമേഖല സംരക്ഷിക്കപ്പെടണം
Tuesday, September 2, 2014 11:54 PM IST
മത്സ്യബന്ധനമേഖലയില്‍ പുതിയൊരു വിപ്ളവം കുറിക്കാനൊരുങ്ങുകയാണു രാജ്യം. മത്സ്യസമ്പത്തിന്റെയും മറ്റു സമുദ്രോത്പന്നങ്ങളുടെയും ശാസ്ത്രീയവും സമതുലിതവുമായ ഉപയോഗത്തിലൂടെ രണ്ടാം നീലവിപ്ളവം ഉണ്ടാകണമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ എണ്‍പത്താറാം സ്ഥാപനദിനവും അവാര്‍ഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ടു കഴിഞ്ഞ ജൂലൈ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹരിത വിപ്ളവവും ധവള വിപ്ളവവും രാജ്യത്തിന്റെ വികസനചരിത്രത്തില്‍ കുറിച്ച വലിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് ഒരു നീല വിപ്ളവമുണ്ടായാല്‍ കടല്‍സമ്പത്തിന്റെ ഉപയോഗത്തില്‍ വലിയൊരു മുന്നേറ്റം സാധിക്കും. അതു തീരദേശമേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ ഉപകരിക്കുകയും ചെയ്യും. എന്നാല്‍, തീരക്കടലിലെയും പുറംകടലിലെയും ആഴക്കടലിലെയും മത്സ്യബന്ധനത്തിന്റെ രീതി മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉപയോഗവും കണക്കിലെടുത്തുകൊണ്ടായിരിക്കണം എന്നതു മറക്കരുത്.

ബ്രസീലിലെ റിയോ ഡി ഷാനേറോയില്‍ രണ്ടുവര്‍ഷം മുമ്പു നടന്ന ആഗോള ഉച്ചകോടി ലോകജനതയ്ക്കാവശ്യമായ മത്സ്യവിഭവം സമാഹരിക്കാനുള്ള ചില സമഗ്ര നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും ചില പഠനങ്ങള്‍ നടന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചു ഫിഷറീസ് ഡെപ്യൂട്ടി ജനറല്‍ ഡോ. ബി. മീനാകുമാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തി കഴിഞ്ഞ ഓഗസ്റ് 20നു റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളോടും കടുത്ത വിയോജിപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ചു കൊച്ചിയില്‍ ഈയിടെ നടന്ന ദ്വിദിന സെമിനാര്‍ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചു സമഗ്രാവലോകനം നടത്തി നയരൂപവത്കരണം നടത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണു കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നത്.

തിടുക്കത്തില്‍ തയാറാക്കിയ ഈ റിപ്പോര്‍ട്ട് ആഴക്കടല്‍ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി വേണ്ടത്ര ആശയവിനിമയം നടത്തിയല്ല തയാറാക്കിയതെന്നായിരുന്നു പ്രധാന പരാതി. ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കുന്നവരുടെ അക്കഡേമിക് അറിവുകള്‍ക്കുപരി പ്രയോജനപ്രദമാകുന്നത് ഈ മേഖലയില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്നവന്നവരുടെ പ്രായോഗിക അഭിപ്രായങ്ങളും അനുഭവതലത്തിലുള്ള അറിവുകളുമാണ്. അവകൂടി ഉള്‍പ്പെടുത്തിയൊരു റിപ്പോര്‍ട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കേണ്ടിയിരുന്നത്. മത്സ്യവ്യവസായരംഗവുമായോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച നടത്താന്‍ സമിതി തയാറായില്ല. തെളിവെടുപ്പുകള്‍ക്കോ വിവരശേഖരണത്തിനോ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് എത്തിയതുമില്ല. വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി മത്സ്യത്തൊഴിലാളി സംഘടനകളും വ്യവസായ സംഘടനകളുമുണ്െടന്നിരിക്കേ, മത്സ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ചപ്പോള്‍ അവരെ ഒഴിച്ചുനിര്‍ത്തിയതു തികച്ചും അനുചിതമായി. നമ്മുടെ പല പഠന റിപ്പോര്‍ട്ടുകള്‍ക്കും യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാതെ വരുന്നതു പഠനം നടത്തുന്നവര്‍ ജനങ്ങളെ അകറ്റിനിര്‍ത്തി പുസ്തകങ്ങളെയും സിദ്ധാന്തങ്ങളെയും ആശ്രയിക്കുന്നതുകൊണ്ടാണ്.


തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും രാജ്യത്തെ മത്സ്യവ്യവസായത്തിന്റെയും സംരക്ഷണത്തിലൂന്നിയുള്ള നീലവിപ്ളവമാണ് ഉണ്ടാകേണ്ടത്. അതിനു നമ്മുടെ കടല്‍സമ്പത്തിന്റെ യഥാര്‍ഥ അവസ്ഥ മനസിലാക്കുകയാണ് അദ്യം വേണ്ടത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നതു വലിയ അന്താരാഷ്ട്ര കമ്പനികള്‍ക്കാണ്. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ലൈസന്‍സിന്റെ മറവില്‍ വിദേശകപ്പലുകള്‍ നമ്മുടെ സമുദ്രസമ്പത്ത് ഊറ്റിയെടുക്കുന്നുണ്ട്. വിദേശകപ്പലുകളുടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിക്കണമെന്ന ദീര്‍ഘകാല ആവശ്യം ഇപ്പോഴും വനരോദനമായി തുടരുന്നു. ആ മേഖലയില്‍ വന്‍കിടക്കാര്‍ പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ വിമുഖത കാട്ടുന്നു. പുതിയ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടു സ്വീകരിക്കേണ്ടതുണ്ട്.

സൂര്യപ്രകാശം കടലിന്റെ അടിത്തട്ടില്‍വരെ പതിക്കുന്ന ആദ്യത്തെ അമ്പതു മീറ്റര്‍ പ്രദേശമാണു മത്സ്യപ്രജനനത്തിന് ഏറ്റവും യോജിച്ചത്. മത്സ്യപ്രജനന കാലത്ത് മത്സ്യസമ്പത്തിന്റെ വന്‍നാശം സംഭവിക്കുന്നതു ട്രോളിംഗ് നിരോധനത്തിലൂടെ കുറേ തടയാനാവുന്നുണ്െടങ്കിലും നിരോധനമില്ലാത്ത സമയത്തു ട്രോളിംഗ് യഥേഷ്ടം നടക്കുന്നതിനാല്‍ ചെറു മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കുന്നുണ്ട്. കേരളത്തിലെ പല ഫിഷിംഗ് ഹാര്‍ബറുകളിലും പുലര്‍ച്ചെ എത്തിയാല്‍ ചെറുമീനുകളുടെ വന്‍ശേഖരം കാണാനാവും.

ഉപരിതല മത്സ്യബന്ധനവും അടിത്തട്ടിലെ മത്സ്യബന്ധനവും ശാസ്ത്രീയമായും ചെറുമത്സ്യങ്ങളെ നശിപ്പിക്കാതെയും നടത്തിയില്ലെങ്കില്‍ കാലക്രമേണ നമ്മുടെ മത്സ്യസമ്പത്തു തീര്‍ത്തും ശോഷിക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിനു വിദേശ ബോട്ടുകള്‍ക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശം ഇപ്പോള്‍ സജീവമായിട്ടുണ്ട്. ബ്ളൂഫിന്‍ ട്യൂണ പോലെ അന്താരാഷ്ട്ര വിപണിയില്‍ നല്ല വിലയും ഏറെ ആവശ്യക്കാരുമുള്ള മത്സ്യങ്ങള്‍ ആഴക്കടലില്‍നിന്നാണു ലഭിക്കുന്നത്. എന്നാല്‍ ഇവയും പ്രജനന കാലത്ത് തീരത്തോട് അടുത്തുവരും. മത്സ്യസമ്പത്തിനു കോട്ടമുണ്ടാക്കുന്ന മത്സ്യബന്ധനരീതി അവസാനിപ്പിക്കുക എന്നതാണ് നീലവിപ്ളവം വിജയിക്കണമെങ്കില്‍ ആദ്യം നടപ്പാക്കേണ്ട കാര്യം. ഇന്ത്യന്‍ തീരത്തെ മത്സ്യസമ്പത്ത് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കും രാജ്യത്തിന്റെ വിദേശനാണ്യസമ്പാദനത്തിനും സഹായകമായ രീതിയില്‍ ഉപയോഗിക്കാനുള്ള വിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കണം. വന്‍കിടക്കാരുടെ ചൂഷണത്തില്‍നിന്നു സമുദ്രോത്പന്ന മേഖലയെ മോചിപ്പിക്കണം. ഇതിനായുള്ള ആത്മാര്‍ഥമായ ശ്രമമാണു കേന്ദ്രസര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.