അകക്കണ്ണിന്റെ വെളിച്ചത്തില്‍ അഭിഭാഷകനായി നന്ദു
അകക്കണ്ണിന്റെ വെളിച്ചത്തില്‍ അഭിഭാഷകനായി നന്ദു
Monday, September 1, 2014 12:15 AM IST
കൊച്ചി: നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നു നന്ദു. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ വെളിച്ചമേകാന്‍ നിയമം വ്യാഖ്യാനിക്കുന്നവര്‍ക്കു കഴിയണമെന്നാണു കാഴ്ചശക്തിയില്ലാത്ത നന്ദുവിന്റെ അഭിപ്രായം. ഇന്നലെ ഹൈക്കോടതിയില്‍ എന്‍റോള്‍ ചെയ്ത നന്ദുവിന് അഭിഭാഷകവൃത്തി പ്രഫഷന്‍ തന്നെയാണ്. എന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും പാവങ്ങള്‍ക്കുംവേണ്ടി തന്റെ സമയം മാറ്റിവയ്ക്കാനും നന്ദു തയാറാണ്. കൊല്ലം ഇടനാട് കാരംകോട് കിഴക്കുംകര വീട്ടില്‍ വേണുവിന്റെയും സുമത്തിന്റെയും ഏകപുത്രനാണു നന്ദു.

അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെയും പ്രോത്സാഹനത്തിന്റെയും ഫലമായിട്ടാണു താന്‍ ഈ ഗൌണിലെത്തിയതെന്നു നന്ദു പറയുന്നു. ചെറുപ്പം മുതലേ നിയമപഠനത്തോടു താല്‍പര്യമുണ്ടായിരുന്നു. തിരുവനന്തപുരം ലോ കോളജില്‍നിന്നു ബിരുദം നേടിയ നന്ദു എല്‍എല്‍എമ്മിനു പോകാനുളള തയാറെടുപ്പിലാണ്. തിരുവനന്തപുരത്തു പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. തൃശൂര്‍ ജെഎം സ്കൂളിലും കൊല്ലം ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ് സ്കൂളിലുമാണു പഠിച്ചിരുന്നത്. തന്നെ പോലെ അംഗവൈകല്യമുള്ളവര്‍ വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുന്നണിയിലേക്കു വരണമെന്നാണു നന്ദു ആഗ്രഹിക്കുന്നത്. കഠിനമായി പരിശ്രമിച്ചാല്‍ ശാരീരികമായ എല്ലാ വൈകല്യങ്ങളെയും മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിയമവഴിയിലെ പാരമ്പര്യം തുടരാന്‍ പാര്‍വതിയും സ്വാതിയും


കൊച്ചി: നിയമ വ്യാഖ്യാനങ്ങളിലെ പാരമ്പര്യം തുടരാന്‍ ഹൈക്കോടതി ജഡ്ജിമാരുടെ മക്കളും. ഇന്നലെ ഹൈക്കോടതിയില്‍ അഭിഭാഷകരായി എന്‍റോള്‍ ചെയ്ത പാര്‍വതി നായര്‍ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെയും സ്വാതി ഹരിപ്രസാദ് ജസ്റീസ് എ.ഹരിപ്രസാദിന്റെയും മക്കളാണ്. സന്നതെടുക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതു ജസ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണനായിരുന്നു എന്നതും പ്രത്യേകതയാണ്. മകളുള്‍പ്പടെ 87 പേര്‍ അഭിഭാഷകരാകുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ജസ്റീസ് ഹരിപ്രസാദും കുടുംബത്തോടൊപ്പം എത്തിയിരുന്നു.

ബാംഗളൂര്‍ ബിഷപ് കോട്ടണ്‍ വുമണ്‍സ് ക്രിസ്ത്യന്‍ ലോ കോളജില്‍നിന്നാണു പാര്‍വതി നിയമബിരുദം നേടിയത്. സമൂഹ്യസേവനത്തിനാണു താന്‍ പ്രധാന്യം നല്‍കുന്നതെന്നു പാര്‍വതി പറഞ്ഞു. ചെറുപ്പം മുതല്‍ തന്നെ നിയമത്തിന്റെ ബാലപാഠങ്ങള്‍ അച്ഛനില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞതാണു നിയമപഠനത്തിനു പ്രചോദനമായത്. സഹോദരന്‍ കേശവരാജും നിയമവിദ്യാര്‍ഥിയാണ്. അമ്മ: മീരാ രാധാകൃഷ്ണന്‍.

ജസ്റീസ് ഹരിപ്രസാദിന്റെ കുടുംബത്തില്‍നിന്നു നിയമവേദിയിലേക്കെത്തുന്ന മൂന്നാം തലമുറക്കാരിയാണു സ്വാതി. അമ്മാവനായ അന്തരിച്ച വിജയരാഘവവാരിയരുടെ കീഴില്‍ തിരൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയിലാണു ജസ്റീസ് ഹരിപ്രസാദ് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നത്. സ്വാതി പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതും തിരൂരില്‍ തന്നെ. ഭാര്യ പ്രഭ തൃശൂര്‍ സ്വദേശിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.