നിയമനങ്ങള്‍ അധ്യാപക ബാങ്കില്‍നിന്നു മാത്രം
Sunday, August 31, 2014 12:17 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: മാനേജ്മെന്റിന്റെ നിയമനാവകാശങ്ങള്‍ കവര്‍ന്നെടുത്തു സര്‍ക്കാര്‍ അസാധാരണ ഗസറ്റ് പുറത്തിറക്കി. ഇനിമുതല്‍ ഹ്രസ്വകാല, ദീര്‍ഘകാല ഒഴിവുകളില്‍ അധ്യാപക ബാങ്കില്‍നിന്നു മാത്രമേ അധ്യാപക നിയമനം നടത്താവൂ എന്നാണ് ഉത്തരവ്. ഇതോടെ വിവിധ കോര്‍പറേറ്റ് മാനേജ്മെന്റുകളിലടക്കം ജോലി ചെയ്തുവരുന്ന നൂറുകണക്കിന് അധ്യാപകര്‍ക്കു നിയമനം ലഭിക്കാതെ പുറത്താകേണ്ടിവരും.

വര്‍ഷങ്ങളോളം സര്‍വീസുള്ള അധ്യാപകരെ ഒഴിവാക്കി ചുരുക്കം സര്‍വീസുള്ള, അധ്യാപക ബാങ്കില്‍ കയറുന്ന അധ്യാപകര്‍ക്കു നിയമനം ലഭിക്കുന്ന അവസ്ഥയാണു സംജാതമാകുന്നത്.

ഇതിനും പുറമേ സ്ഥിര നിയമനത്തിനു പുതിയ രീതികളും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനം അടുത്ത അധ്യയനവര്‍ഷത്തെ ഒഴിവു വരാനിടയുള്ള തസ്തികകള്‍ എഇഒയെയോ ഡിഇഒയെയോ അറിയിക്കണമെന്നാണു പുതിയ ഉത്തരവ്. ഒഴിവുകളുടെ എണ്ണം ഇവര്‍ സര്‍ക്കാരിനെ കാറ്റഗറി അടിസ്ഥാനത്തില്‍ അറിയിക്കണം. ജൂണ്‍ ഒന്നിനുതന്നെ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ നിയമിക്കും. കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്നതിനു മുമ്പുതന്നെ നിയമനം നടത്തണമെന്നതാണു വിരോധാഭാസമായിരിക്കുന്നത്. കുട്ടികളുടെ എണ്ണമറിയാതെ നിയമനം നടത്തുന്നതു നിലനില്‍ക്കണമെന്നില്ല.

കൂടാതെ അധ്യാപകരെ വിലയിരുത്താന്‍ ഒരു സമിതി രൂപീകരിക്കുമെന്നാണു മറ്റൊരു തീരുമാനം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ ചെയര്‍മാനും ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ഡിപിഐ നിയമിക്കുന്നവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അധ്യാപകരെ വിലയിരുത്തുക. ഇതില്‍ മാനേജ്മെന്റിന്റെയോ അധ്യാപകരുടെയോ പ്രതിനിധികള്‍ ഇല്ല. രാഷ്ട്രീയ താത്പര്യം പരിഗണിച്ച് ഇത്തരം കമ്മിറ്റികളില്‍ രാഷ്ട്രീയ പ്രതിനിധികള്‍ കടന്നുകൂടുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ക്കും ഇതു കാരണമാകുമെന്നതില്‍ സംശയമില്ല.


അധ്യാപകരെ വിലയിരുത്താന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരം നല്‍കാവൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ അധികാരം സമിതികളെ ഏല്‍പ്പിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രതിസന്ധികള്‍ക്കു കാരണമാകും.

കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ഭേദഗതി ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനവും മാനേജ്മെന്റുകളുടെ നിയമനാവകാശങ്ങളെ നിയന്ത്രിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കനും ജനറല്‍ സെക്രട്ടറി സാലു പതാലിലും അഭിപ്രായപ്പെട്ടു. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായും നിയമ നടപടികളുമായും മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.