ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ദരിദ്രരെ സഹായിക്കണം: സിനഡ്
Sunday, August 31, 2014 12:13 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിനുവേണ്ടി പ്രതിബദ്ധതയോടെ മുന്നേറണമെന്ന് ആഹ്വാനം ചെയ്തു സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു. സഭാംഗങ്ങളുടെ സാന്നിധ്യവും സമീപനവും വാക്കുകളും മുന്നേറ്റങ്ങളും ജാതി, മത, വര്‍ഗ, വര്‍ണങ്ങള്‍ക്കതീതമായും പൊതുനന്മയ്ക്കും വിനിയോഗിക്കാന്‍ എല്ലാവരും പരിശ്രമിക്കണം.

ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനങ്ങളും സമീപനങ്ങളും വാക്കുകളും സന്ദര്‍ശനങ്ങളും സഭയുടെ മനുഷ്യത്വമുഖം കൂടുതല്‍ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഓരോ വാക്കും ലോകം ആദരവോടെ ശ്രദ്ധിക്കുന്നതു സ്വാഗതാര്‍ഹമാണ്. കത്തോലിക്കര്‍ മാത്രമല്ല, മറ്റെല്ലാ സമൂഹങ്ങളും മാര്‍പാപ്പയെ വാത്സല്യത്തോടെ സ്വീകരിക്കുന്നു.

വികസനപാതയില്‍ പുറംതള്ളപ്പെട്ടുപോകുന്ന ജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സഭാംഗങ്ങള്‍ക്കു വേണം. ആഘോഷങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആ പണം ദാരിദ്യ്രം മൂലം വിഷമിക്കുന്ന ജനങ്ങളുമായി പങ്കുവയ്ക്കണം.


പുതിയ മദ്യനയത്തിന്റെ ചുവടുപിടിച്ച്, മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി എല്ലാ കൂട്ടായ്മകളും പരിശ്രമിക്കണം. മദ്യവര്‍ജനത്തെക്കുറിച്ചാണു സഭ എന്നും സംസാരിച്ചുകൊണ്ടിരുന്നത്. തുടര്‍ന്നും സഭ ഈ നയം തുടരും.

ജീവന്റെ സംരക്ഷണം എന്നും എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്വമായി മാറണം. ദയാവധത്തെക്കുറിച്ചു സഭാവിശ്വാസികള്‍ക്ക് ഉറച്ചതും സുചിന്തിതവുമായ നിലപാടുകള്‍ ഉണ്ടാകണം. അതിനെക്കുറിച്ച് ആഴമായി പഠിക്കാനും സഭയുടെ നിലപാടുകള്‍ അറിയിക്കാനും വേദികളുണ്ടാകണമെന്നും സിനഡ് നിര്‍ദേശിച്ചു.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണു സിനഡ് നടന്നത്. അടുത്ത സിനഡ് 2015 ജനുവരിയില്‍ ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.