നാളികേര ദിനാഘോഷം ബാംഗളൂരില്‍
Sunday, August 31, 2014 12:09 AM IST
കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 16-ാമത് ലോക നാളികേര ദിനാഘോഷം രണ്ടിനു ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ജെ.എന്‍. ടാറ്റാ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക സര്‍ക്കാരുമായും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുമായും സഹകരിച്ചാണു ദിനാചരണം.

കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് ഇക്കുറി കര്‍ണാടകയില്‍ നാളികേരദിനം ആചരിക്കുന്നതെന്നു ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഭാരതത്തിലെ നാളികേര മേഖലയുടെ ഭാവി ഇനി നീരയിലൂടെ എന്നതാണ് ഈ വര്‍ഷത്തെ നാളികേര ദിനത്തിന്റെ പ്രമേയം.

കേരള സര്‍ക്കാര്‍ നീര ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ കര്‍ണാടക സര്‍ക്കാരും നീര ഉത്പാദനം സംബന്ധിച്ചു പുതിയ നയരൂപീകരണം കൊണ്ടുവരുന്നുണ്ട്. പരമ്പരാഗത കേരോത്പാദക സംസ്ഥാനമായ കര്‍ണാടകയിലെ കേരകൃഷിയുടെ വിസ്തൃതി 5.11 ലക്ഷം ഹെക്ടറും ഉത്പാദനം 4,408 മില്യണ്‍ നാളികേരവും ഉത്പാദനക്ഷമത ഹെക്ടറിന് 9,942 നാളികേരവുമാണ്. ലോക നാളികേരദിനത്തിന്റെ ഉദ്ഘാടനം രണ്ടിനു രാവിലെ 10.30ന് കേന്ദ്ര രാസവളം മന്ത്രി അനന്തകുമാര്‍ നിര്‍വഹിക്കും. കര്‍ണാടക കൃഷിമന്ത്രി ബൈരേ ഗൌഡ അധ്യക്ഷത വഹിക്കും. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ എംപിയും ബോര്‍ഡംഗവുമായ സി.പി. നാരായണന്‍, കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് ചൌള, ഏഷ്യ-പസഫിക് കോക്കനട്ട് കമ്യൂണിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഊറോണ്‍ എന്‍. സാലും എന്നിവര്‍ പ്രഭാഷണം നടത്തും.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാളികേര ബോര്‍ഡിന്റെ പ്രാദേശിക, സംസ്ഥാനതല ഓഫീസുകളിലും ബോര്‍ഡിന്റെ കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള 5,000 കര്‍ഷക കൂട്ടായ്മകളുടെ അപ്പെക്സ് ബോഡിയായ ഫെഡറേഷനുകളും കമ്പനികളും അതതു ജില്ലാ കേന്ദ്രങ്ങളിലും നാളികേരദിനം ആഘോഷിക്കും. രാജ്യത്ത് 511 ഫെഡറേഷനുകളും 17 ഉത്പാദക കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. നീര ഉത്പാദനം പ്രോത്സാഹിപ്പിച്ചു കര്‍ഷകര്‍ക്കു മെച്ചപ്പെട്ട സാമ്പത്തിക വരുമാനം ലഭ്യമാക്കുക, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സംസ്കരണ, വിപണന പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷിക സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നിവയാണു നാളികേരദിനാഘോഷത്തിന്റെ ലക്ഷ്യം. മുപ്പതില്‍പരം കേരാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാതാക്കളെയും മെഷീനറി നിര്‍മാതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന വിപണനമേളയും നാളികേരദിനത്തോടനുബന്ധിച്ചു നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.