വികലാംഗ സൌഹൃദ കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുമെന്നു പിഎസ്സി
Sunday, August 31, 2014 11:44 PM IST
കൊച്ചി: ശാരീരിക ന്യൂനതയുള്ളവര്‍ക്കു സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്തുന്നതിനായുള്ള പരീക്ഷകള്‍ വികലാംഗ സൌഹൃദ കേന്ദ്രങ്ങളിലായിരിക്കുമെന്നു സംസ്ഥാന പിഎസ്സി സെക്രട്ടറി പി.സി. ബിനോയ് സംസ്ഥാന വികലാംഗ കമ്മീഷന് ഉറപ്പു നല്‍കി. പരീക്ഷയുടെ തലേ ദിവസം പിഎസ്സി പ്രതിനിധികള്‍ പരീക്ഷാകേന്ദ്രം സന്ദര്‍ശിച്ചു സൌകര്യങ്ങള്‍ വിലയിരുത്തി വികലാംഗ സൌഹൃദമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പിഎസ്സിക്കെതിരേ വികലാംഗ കമ്മീഷന്‍ തുടക്കം കുറിച്ച ശിക്ഷാനടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍. ലീലാമ്മ അറിയിച്ചു.


ലോവര്‍ ഡിവിഷന്‍ തസ്തികയില്‍ വികലാംഗര്‍ക്കു സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്താനായി തെരഞ്ഞെടുത്തിരുന്ന മണക്കാട് സ്കൂള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വികലാംഗ കമ്മീഷന്‍ കമ്മീഷണര്‍ പ്രഫ. എന്‍. അഹമ്മദുള്ള നടത്തിയ തെളിവെടുപ്പ് വേളയിലാണു പിഎസ്സി സെക്രട്ടറി ഇക്കാര്യം വിശദീകരിച്ചത്.

വികലാംഗര്‍ക്കായുള്ള പരീക്ഷകളുടെ സമയം പുനഃക്രമീകരിക്കുമെന്നും രാവിലെ 7.30നു പകരം 10നു പരീക്ഷ തുടങ്ങാന്‍ നടപടിയുണ്ടാകുമെന്നും പിഎസ്സി സെക്രട്ടറി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.