എനിക്ക് ഉത്തരവാദിത്വമില്ല, വിജിലന്‍സ് ഒഴിയില്ല: രമേശ് ചെന്നിത്തല
എനിക്ക് ഉത്തരവാദിത്വമില്ല, വിജിലന്‍സ് ഒഴിയില്ല: രമേശ് ചെന്നിത്തല
Saturday, August 30, 2014 12:12 AM IST
കണ്ണൂര്‍: ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ കെപിസിസി പ്രസിഡന്റോ മന്ത്രിയോ ആവുന്നതിനു മുമ്പു മന്ത്രിസഭയെടുത്ത തീരുമാനത്തിനു താന്‍ ഉത്തരവാദിയല്ല. മന്ത്രിയാവുന്നതിനു മുമ്പാണു തനിക്കെതിരേ ഹര്‍ജി വന്നത്. മന്ത്രിയാകുമ്പോഴും അന്വേഷണം തുടരുകയായിരുന്നു. നിലവില്‍ പുതിയൊരു സാഹചര്യവും ഉണ്ടായിട്ടില്ല. അതിനാല്‍ വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും ഈ കേസില്‍ പങ്കുണ്േടായെന്ന ചോദ്യത്തിന്, കേസിനെക്കുറിച്ചു വ്യക്തമായി അറിയാതെ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ടൈറ്റാനിയം പ്ളാന്റിനെക്കുറിച്ച് ഒരു കാര്യവും തനിക്കറിയില്ല. അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല. 2005 ജൂണ്‍ 30നാണ് താന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റത്. അതിനു 42 ദിവസം മുമ്പ് മേയ് 18നാണു പ്ളാന്റ് പദ്ധതി സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. യാഥാര്‍ഥ്യം ഇതായിരിക്കേ തനിക്കെതിരായ കോടതിയുടെ പരാമര്‍ശം എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. എങ്കിലും കോടതിയെ വിമര്‍ശിക്കാനില്ല.


കെപിസിസി പ്രസിഡന്റായി ഒന്‍പതു വര്‍ഷക്കാലം പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല. വിധിപ്പകര്‍പ്പു കിട്ടിയശേഷം കേസിന്റെ കാര്യത്തില്‍ അനന്തരനടപടികള്‍ എന്തെന്നു തീരുമാനിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റക്കാരാണെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെടുന്ന ഇടതുപക്ഷം അവര്‍ ഭരണത്തിലിരുന്നപ്പോള്‍ എന്തുകൊണ്ടു മുഖ്യമന്ത്രിക്കും താനടക്കമുള്ളവര്‍ക്കുമെതിരേ കേസെടുത്തില്ലെന്നും ചെന്നിത്തല ചോദിച്ചു.

യുഡിഎഫ് ഭരണകാലത്തു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന കെ.കെ. രാമചന്ദ്രന്‍നായരെ വിജിലന്‍സിനു മൊഴികൊടുക്കുന്നതിനു മുമ്പു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരുഘട്ടത്തിലും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചു കോണ്‍ഗ്രസിലും മുന്നണിയിലും അഭിപ്രായവ്യത്യാസങ്ങളുണ്െടങ്കിലും മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.