സമര്‍പ്പിത സമൂഹങ്ങള്‍ സഭയുടെ ഊര്‍ജകേന്ദ്രം: മാര്‍ ആലഞ്ചേരി
സമര്‍പ്പിത സമൂഹങ്ങള്‍ സഭയുടെ ഊര്‍ജകേന്ദ്രം: മാര്‍ ആലഞ്ചേരി
Saturday, August 30, 2014 12:39 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സന്യാസ സമര്‍പ്പിതര്‍ക്കായുള്ള പ്രത്യേക വര്‍ഷാചരണം തുടങ്ങാനിരിക്കെ സന്യാസസമൂഹങ്ങള്‍ തങ്ങളുടെ മതില്‍ക്കെട്ടിനപ്പുറത്തേക്കു നീളുന്ന ശുശ്രൂഷയുടെ കരങ്ങളായി വര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നതു സന്തോഷകരമാണെന്നു സീറോ മലബാര്‍ സിനഡ്. സഭയിലെ എല്ലാ സമര്‍പ്പിത സമൂഹങ്ങളുടെയും പ്രതിനിധികള്‍ സിനഡിലെ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ ആശ്രമങ്ങള്‍ക്കു ചുറ്റുമുള്ള ആളുകള്‍ക്കു കടന്നുവന്ന് അവരുടെ ആകുലതകള്‍ പങ്കുവയ്ക്കാനുള്ള ഭവനങ്ങളായി സമര്‍പ്പിത സമൂഹങ്ങളുടെ ഭവനങ്ങള്‍ മാറിയിരിക്കുന്നു. ഭാവാത്മകവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആര്‍ജിച്ചെടുക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു സമര്‍പ്പിത സമൂഹം ഊന്നിപ്പറയുന്നു.

ഓരോ രൂപതയിലെയും മെത്രാനോടും വൈദികരോടും അല്മായരോടും ചേര്‍ന്നു തങ്ങളുടെ പ്രത്യേകമായ വിളി വികസ്വരമാക്കാന്‍ സമര്‍പ്പിത സമൂഹം സന്നദ്ധമാണ്. സീറോ മലബാര്‍ സഭയുടെ ഊര്‍ജകേന്ദ്രമാണു സമര്‍പ്പിത സമൂഹം എന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.


നിരാലംബരായ കുട്ടികള്‍ക്കായി സാമൂഹ്യസേവനരംഗത്തു സഭ നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും സ്ഥിതി സിനഡ് അവലോകനം ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളെ സിനഡ് വിലമതിക്കുന്നു. തങ്ങളുടെ ശമ്പളത്തില്‍നിന്നു കിട്ടുന്നതു കുട്ടികള്‍ക്കുവേണ്ടി ചെലവഴിക്കുന്ന സന്യാസിനികളുടെ ശൈലി മാതൃകാപരമാണ്.

ശാരീരിക വൈകല്യമുള്ളവര്‍ക്കും മാനസിക ബുദ്ധിമുട്ടുള്ളവര്‍ക്കും വേണ്ടി തുടര്‍ന്നും സഭാ സംവിധാനങ്ങള്‍ ആശ്വാസവും വാത്സല്യവും പകര്‍ന്നു നല്കും. സഭയിലെ മെത്രാന്മാരുടെ ഫോട്ടോകള്‍ ഫ്ളക്സില്‍ പൊതുസ്ഥലങ്ങളില്‍ വയ്ക്കുന്നത് ഒഴിവാക്കണം. ഫ്ളക്സ് പ്രകൃതിസംരക്ഷണത്തിന് എതിരാണ്. അതിനാല്‍ എല്ലാ രൂപതകളും നിരുത്സാഹപ്പെടുത്തണം. സിനഡ് ഇന്ന് ഉച്ചയ്ക്കു സമാപിക്കും. ഉച്ചകഴിഞ്ഞു സീറോ മലബാര്‍ യുവജന പ്രതിനിധികളുടെ സമ്മേളനം ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.