ഇല്ലംനിറ, നിറ നിറ വല്ലംനിറ
ഇല്ലംനിറ, നിറ നിറ വല്ലംനിറ
Saturday, August 30, 2014 12:29 AM IST
എസ്. മഞ്ജുളാദേവി

അത്തവും ചിത്തിരയും ചോതിയുമെല്ലാം കടന്നുപോകുമ്പോള്‍ തന്നെ ഓണസദ്യക്കു വേണ്ടിയുള്ള തയാറെടുപ്പുകളും തുടങ്ങും. പണ്ടുകാലത്തു കര്‍ക്കടകം ഒടുവില്‍ നെല്ലു കൊയ്യും. ആദ്യം കുറച്ചു നെല്ലു കൊയ്തെടുത്തു നിറപുത്തരിക്കായി മാറ്റിവയ്ക്കുന്നു.

ആദ്യം കൊയ്യുന്ന പുത്തരിയുടെ പ്രധാന ഭാഗം ക്ഷേത്രങ്ങളില്‍ വഴിപാടായും സമര്‍പ്പിക്കുന്ന ചടങ്ങു ണ്ട്. ഇല്ലം നിറ, വല്ലം നിറ, കൊല്ലം നിറ, പൊലിയോ പൊലി എന്നിങ്ങനെയുള്ള പ്രാര്‍ഥന മുഴങ്ങും.

ആദ്യത്തെ പൊന്‍നെല്‍ക്കതിരും മാവിലയും പ്ളാവിലയും ചേര്‍ത്തു വീടിനു മുന്നില്‍ തൂക്കിയിടുന്നതും പതിവ്. ചിങ്ങമാസത്തിന്റെ ഐശ്വര്യത്തിനുവേണ്ടിയുള്ള നിറക്കാഴ്ചയാണിത്. വയല്‍ മുഴുവന്‍ കൊയ്ത്, നെല്ലെടുത്ത്, ഉണക്കിക്കുത്തി അരിയാക്കി അറയില്‍ സൂക്ഷിക്കും. അറ നിറയുന്ന, പറ നിറയുന്ന മലയാളത്തിന്റെ ഉത്സവമാണ് ഓണം.

പൊന്നിന്‍ചിങ്ങമാസത്തെ വരവേല്‍ക്കുന്ന ചടങ്ങുകള്‍ കര്‍ക്കടകത്തിന്റെ അവസാനദിവസം തന്നെ തുടങ്ങുന്നു. വറുതിയും കഷ്ടപ്പാടും നിറഞ്ഞ കര്‍ക്കടകം പഞ്ഞമാസമാണ്. കര്‍ക്കടകദുരിതങ്ങളെ ആട്ടിയകറ്റി ആവണിപ്പിറവിയെ വരവേല്‍ക്കാന്‍ ആടിയറുതിക്കു വീടും മുറ്റവും മുഴുവന്‍ തൂത്തുവൃത്തിയാക്കും വീട്ടിലെ പൊട്ടിയ കലവും മുറവും ചട്ടിയും പഴയചൂലും തൊടിക്കു പുറത്തേക്കു വലിച്ചെറിയുന്നു.


സന്ധ്യക്കു ചപ്പുചവറുകള്‍ ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ വീട്ടില്‍ക്കയറി കുളിച്ചു ശുദ്ധിയാക്കുന്ന ചടങ്ങും മുന്‍കാലത്ത് ഉണ്ടായിരുന്നു. പഴയ ആചാരങ്ങള്‍ അതുപോലെ പിന്തുടര്‍ന്നില്ലെങ്കിലും ആടിയറുതി ദിവസം വീട് വൃത്തിയാക്കുന്ന പതിവ് ഇക്കാലത്തും തുടരുന്നുണ്ട്.

മണ്‍കലങ്ങളുടെയും കൂജകളുടെയും ചിരട്ടത്തവികളുടെയും സ്ഥാനം സ്റീല്‍ പാത്രങ്ങളും തവികളും കൈയടക്കിയെങ്കിലും ഓണത്തിനു പഴയവ മാറ്റി പുതിയവ വാങ്ങുന്ന ശീലം ഉപേക്ഷിക്കാന്‍ മലയാളിക്കു കഴിയുന്നില്ല.ഓണം എത്തുന്നതിനു മുന്നോടിയായി മുറ്റവും പറമ്പും ചെത്തി വെടിപ്പാക്കുന്ന രീതി ഇന്നും കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.